ജിദ്ദ: ചലച്ചിത്ര നിർമാണമേഖലയിൽ കൈകോർക്കാൻ ഒരുങ്ങി സൗദി അറേബ്യയും ഇന്ത്യയും. സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാനും ഇന്ത്യൻ സാംസ്കാരിക സഹമന്ത്രി അർജുൻ റാം മെഗ്‍വാളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ചയായി. ഇന്തോനേഷ്യ ആതിഥേയത്വം വഹിച്ച ജി 20 സാംസ്കാരിക മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിമാരുടെ കൂടിക്കാഴ്ച. സിനിമാ നിർമാണ മേഖലയിൽ സൗദിയും ഇന്ത്യൻ സ്ഥാപനങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സൗദി മന്ത്രി വ്യക്തമാക്കി.
ചലച്ചിത്ര നിർമാണം, പ്രത്യേകിച്ച് ചലച്ചിത്ര വിദ്യാഭ്യാസത്തിനായുള്ള സർക്കാർ സ്ഥാപനങ്ങൾ, പ്രധാന ഇന്ത്യൻ കമ്പനികൾ എന്നിവയുമായി ചേർന്ന് ഇരുരാജ്യങ്ങളിലെയും സാംസ്കാരിക മേഖല വികസിപ്പിക്കാനും ശാക്തീകരിക്കാനും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഇരു മന്ത്രിമാരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. സിനിമാ രംഗത്ത് ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രധാന്യം എടുത്തുപറഞ്ഞ ഇരുവരും അതിനുള്ള സാധ്യതകളെ കുറിച്ച് വിശദമായി ചർച്ച ചെയ്തു.
സൗദിയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധത്തെ സൗദി മന്ത്രി പ്രശംസിച്ചു. രണ്ടുമാസം മുമ്പ് സൗദി സാംസ്കാരിക മന്ത്രാലയ പ്രതിനിധി സംഘം ഇന്ത്യയിൽ നടത്തിയ സന്ദർശനത്തെ അദ്ദേഹം പരാമർശിച്ചു. ഇന്ത്യയുടെ അധ്യക്ഷതയിൽ അടുത്ത വർഷം നടക്കുന്ന ജി 20 ഉച്ചകോടിയിൽ സാംസ്കാരിക മേഖലയിൽ ഒരുമിച്ച് പ്രവർത്തനം തുടരേണ്ടതിന്റെ ആവശ്യകത സൂചിപ്പിച്ചു. 2020-ൽ സൗദി അധ്യക്ഷതയിൽ നടന്ന ജി 20 ഉച്ചകോടിയിൽ സാംസ്കാരിക മന്ത്രിമാരുടെ ആദ്യ യോഗം നടത്തുന്നതിൽ സൗദി നടത്തിയ ശ്രമങ്ങളെയും അതുണ്ടാക്കിയ നേട്ടങ്ങളെയും മന്ത്രി അർജുൻ റാം മെഗ്‍വാൾ അഭിനന്ദിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. സൗദി സാംസ്‌കാരിക മന്ത്രാലയത്തിലെ കൾച്ചറൽ അഫേഴ്സ് ആൻഡ് ഇൻറർനാഷനൽ റിലേഷൻസ് ജനറൽ സൂപർവൈസർ റകാൻ ബിൻ ഇബ്രാഹിം അൽതൂഖ്, ഇൻറർനാഷനൽ കൾച്ചറൽ റിലേഷൻസ് അണ്ടർസെക്രട്ടറി എൻജി. ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽകനാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.