കാര്യം ശരിയാണ്; ശരീരത്തില്‍ വൈറ്റമിന്‍ ഡി ഉൽപാദിപ്പിക്കാന്‍ അല്‍പ സ്വൽപം വെയിലൊക്കെ ഏല്‍ക്കണം. എന്നാല്‍ കത്തുന്ന വെയില്‍ തുടര്‍ച്ചയായി ഏല്‍ക്കുന്നത് ശരീരത്തില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിക്കാന്‍ ഇടയാക്കും. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാം. ചര്‍മത്തില്‍ അര്‍ബുദം, അന്ധത, പ്രതിരോധശേഷിക്ക് കോട്ടം എന്നിവയെല്ലാം ഇതിന്‍റെ ഭാഗമായി ഉണ്ടാകാവുന്നതാണ്.
ചര്‍മത്തില്‍ ചുവപ്പ് നിറം, ചര്‍മത്തിന് ചൂടും വലിച്ചിലും, വേദന, അസ്വസ്ഥത, തൊലിയില്‍ കുരുക്കള്‍, തൊലി അടര്‍ന്ന് പോകല്‍ എന്നിവയെല്ലാം സൂര്യാഘാതം ഏല്‍ക്കുന്നതിന്‍റെ ലക്ഷണങ്ങളാണ്. പുറത്തിറങ്ങി ജോലിയും മറ്റും ചെയ്യുന്നവര്‍ക്ക് സൂര്യപ്രകാശത്തെ ഒഴിവാക്കാന്‍ പലപ്പോഴും നിവൃത്തിയുണ്ടാകില്ല. എന്നാല്‍ അള്‍ട്രാ വയലറ്റ് രശ്മികളുടെ ആഘാതം കുറയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ പിന്തുടരാവുന്നതാണ്.
1. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മത്തെ രക്ഷിക്കാന്‍ വാട്ടര്‍ റസിസ്റ്റന്‍റ് ആയതും എസ്പിഎഫ് 30 ഉള്ളതുമായ സണ്‍സ്ക്രീന്‍ ഉപയോഗിക്കുക. കുട്ടികളും പുറത്തിറങ്ങുമ്പോൾ സണ്‍സ്ക്രീന്‍ പുരട്ടിയ ശേഷം മാത്രം ഇറങ്ങുക.
2. നീളമുള്ള കൈകളുള്ള വസ്ത്രങ്ങളും കുടയും തൊപ്പികളും സണ്‍ഗ്ലാസുകളും പുറത്തിറങ്ങുമ്പോൾ ഉപയോഗിക്കുന്നത് ശീലമാക്കുക. ഇവ സൂര്യപ്രകാശം നേരിട്ട് അടിക്കുന്നതിന്‍റെ അളവ് കുറയ്ക്കും.
3. മഞ്ഞ്, മണല്‍, ജലാശയങ്ങള്‍ എന്നിവയ്ക്ക് സമീപം വെയിലത്ത് നില്‍ക്കുകയാണെങ്കില്‍ അത്യധികമായ ശ്രദ്ധ നല്‍കുക. കാരണം ഈ പ്രതലങ്ങള്‍ നല്ല രീതിയില്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കും.
4. ടാനിങ് ബെഡുകളുടെ ഉപയോഗം ഒഴിവാക്കുക. ടാനിങ് ബെഡുകളില്‍ പ്രതിഫലിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മത്തില്‍ ചുളിവുകളും അര്‍ബുദവും ഉണ്ടാക്കും.
5. ചുണ്ടുകളുടെ സംരക്ഷണത്തിന് എസ്പിഎഫ് 15 എങ്കിലും ഉള്ള ലിപ് ബാം ഉപയോഗിക്കുക
6. വെയില്‍ കൊള്ളുന്നത് കുറയ്ക്കുമ്പോൾ ശരീരത്തില്‍ വൈറ്റമിന്‍ ഡി കുറഞ്ഞു പോകാതിരിക്കാന്‍ വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും സപ്ലിമെന്‍റുകളും ആവശ്യത്തിന് കഴിക്കുക.
7.മേഘാവൃതമായ ദിവസങ്ങളിലും പുറത്തിറങ്ങുമ്പോൾ സണ്‍സ്ക്രീന്‍ ഉപയോഗിക്കാന്‍ മറക്കാതിരിക്കുക.