ഭോപ്പാൽ : ജയിലിനുളളിൽ പലതരം മനുഷ്യരാണ്. അതിൽ കൊലപാതകികൾ മുതൽ പോക്കറ്റടിക്കാർ വരെ ഉണ്ടാകും. എന്നാൽ ഒരു തടവുപുള്ളി ജയിലിലെത്തിയത് ജയിൽ ജീവനക്കാരുടെ മുതൽ അന്തേവാസികളുടെ വരെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ഉറങ്ങിക്കിടന്ന നാല് പേരെ തലയ്ക്കടിച്ച് കൊന്ന സീരിയൽ കില്ലർ ജയിലിൽ എത്തിയതോടെയാണ് മുഴുവൻ പേരുടെയും ഉറക്കം പോയത്. രാത്രി ഇയാൾ തങ്ങളെ കൊല്ലുമോ എന്ന ഭയത്താലാണ് സഹതടവുകാർ കിടക്കുന്നത്. എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയത്തിൽ ജയിലിലെ ഉദ്യോഗസ്ഥരും.
ഭോപ്പാലിലെ സാഗർ ജയിലിൽ റിമാന്റിൽ കഴിയുന്ന 19 കാരനായ ശിവപ്രസാദ് ധുർവെ നാല് പേരെയാണ് തലയ്ക്കടിച്ച് കൊന്നത്. കൊല്ലപ്പെട്ട എല്ലാവരും ഉറങ്ങിക്കിടന്ന സെക്യൂരിറ്റി ജീവനക്കാരായിരുന്നു. ധുർവെ ചെയ്ത കൊലപാതകത്തിന്റെ രീതി അറിഞ്ഞതോടെ ജയിലിലുള്ള അന്തേവാസികളുടെ ഉറക്കമില്ലാതാകുകയായിരുന്നു. രാത്രി തങ്ങളും കൊല്ലപ്പെടുമെന്ന ഭയം സഹതടവുകാരെ പൊതിഞ്ഞു.
ഇത് പ്രശ്നമാകുമെന്നറിഞ്ഞതോടെ ജയിൽ അധികാരികൾക്ക് തീരുമാനമെടുക്കേണ്ടി വന്നു. ധുർവെയെ ഏകാന്ത തടവിലേക്ക് മാറ്റി. 2000 ഓളം തടവുകാരാണ് ജയിലിലുള്ളത്. ഉറങ്ങിക്കിടന്ന സെക്യൂരിറ്റി ജീവനക്കാരെ കൊലപ്പെടുത്തിയ ആളാണ് ധുർവ്വെ. അതുകൊണ്ടുതന്നെ ഒരു ദുരന്തം തള്ളിക്കളയാനാവില്ലെന്ന് ജയിൽ സൂപ്രണ്ട് രാകേഷ് ഭംഗ്രെ ടൈംസ് ഓഫ് ഇന്ത്യയോടെ പറഞ്ഞു. കുറച്ച് ദിവസം നിരീക്ഷിച്ചതിന് ശേഷം മാറ്റണോ എന്ന് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സാഗർ ജയിലിലെ ഏകാന്ത മുറിയിൽ അറ്റാച്ച്ഡ് ടോയ്ലറ്റ് ഉണ്ട്. ഫാൻ ഇല്ല. ധുർവെയ്ക്ക് ഭക്ഷണം നൽകും. ഭക്ഷണം കഴിച്ച ഉടൻ തന്നെ പ്ലേറ്റുകൾ തിരിച്ചെടുക്കുമെന്നും സൂപ്രണ്ട് പറഞ്ഞു. ഒരാഴ്ചയോളം ഭോപ്പാലിലെ സാഗർ നഗരത്തിന്റെ ഉറക്കം കെടുത്തിയ ധുർവെ ഉറങ്ങിക്കിടന്ന സെക്യൂരിറ്റി ഗാർഡുകളെ ഒന്നിനുപുറകെ ഒന്നായി കൊന്നു. നഗരത്തിലുടനീളം രാത്രി മുഴുവൻ പൊലീസ് പട്രോളിംഗ് നടത്തി. കൊലപാതകം തുടരാനായി ധുർവെ സാഗറിൽ നിന്ന് അടുത്ത നഗരത്തിലേക്ക് കടന്നു. നാല് പേരെ കൊലപ്പെടുത്തി, അഞ്ചാമത്തെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് അയാൾ പിടിക്കപ്പെട്ടു.
സർവ്വ സമയവും മുഖത്ത് പുഞ്ചിരിയുമായി കാണുന്ന ധുർവെയെ സെപ്തംബർ മൂന്നിനാണ് സാഗർ ജയിലിലേക്ക് റിമാന്റ് ചെയ്തത്. അയാൾ എത്തി അധികം വൈകാതെ റിപ്പർ മോഡൽ കൊലപാതകിയുടെ കഥകൾ ജയിലിനുള്ളിൽ അതിവേഗം പ്രചരിച്ചു. ഉറക്കത്തിൽ തല തകർത്ത് കൊല്ലുന്നവനിൽ നിന്ന് ജീവന് ഭീഷണിയുണ്ടാകില്ലെന്ന് സഹതടവുകാരെ വിശ്വസിപ്പിക്കാൻ ജയിൽ ഉദ്യോഹഗസ്ഥർ പാടുപെട്ടു. രക്ഷയില്ലാതെ വന്നതോടെയാണ് ധുർവെയെ ഏകാന്ത തടവിലേക്ക് മാറ്റിയത്.
“അവൻ ഒരു മനോരോഗിയാണോ എന്ന് ഞങ്ങൾക്കറിയില്ല. അവൻ എങ്ങനെ പെരുമാറുമെന്ന് പറയാനാകില്ല. പെരുമാറ്റത്തിൽ നിന്ന് ചെയ്ത കൊലപാതകങ്ങളിൽ അയാൾ ഖേദിക്കുന്നുണ്ടെന്ന് തോനുന്നില്ല. ജയിൽ മാനുവൽ അനുസരിച്ച് അവനെ കൈകാര്യം ചെയ്യും” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
കവർച്ച ലക്ഷ്യമാക്കി 34 ഓളം ട്രക്ക് ഡ്രൈവർമാരെ കൊലപ്പെടുത്തിയ, ഇപ്പോൾ ഭോപ്പാൽ ജയിലിൽ കഴിയുന്ന ആദേശ് ഖമ്രയെ പോലുള്ള പരമ്പര കൊലയാളികളിൽ നിന്ന് വ്യത്യസ്തമാണ് ധുർവ്വെയുടെ കേസ്. കാരണമില്ലാതെയാണ് ധുർവ്വെയുടെ കൊലപാതകമെന്നതിനാൽ ഇയാളെ മറ്റ് കൊലപാതകികളോട് താരതമ്യം ചെയ്യാനാകില്ലെന്നും ജയിൽ ഉദ്യോഗസ്ഥർ പറയുന്നു. വേഗത്തിലുള്ള വിചാരണയ്ക്കായി കേസ് സാഗറിലെ അതിവേഗ കോടതിയിലേക്ക് മാറ്റാൻ മധ്യപ്രദേശ് പൊലീസ് ശ്രമിക്കുന്നുണ്ട്. നാല് കൊലപാതകങ്ങൾ ഉൾപ്പെടെ ആറ് കേസുകളാണ് ഇയാൾക്കെതിരെ നിലവിൽ ഉള്ളത്.
കൊലപാതകം ഏറ്റുപറയുന്നതിനിടയിൽ, തനിക്ക് പ്രശസ്തനാകാൻ ആഗ്രഹമുണ്ടെന്ന് ധുർവെ പൊലീസിനോട് പറഞ്ഞിരുന്നു. 72 മണിക്കൂറിനുള്ളിൽ ഉറങ്ങിക്കിടന്ന മൂന്ന് സെക്യൂരിറ്റി ജീവനക്കാരെയാണ് ഈ 19കാരൻ കൊലപ്പെടുത്തിയത്. അവസാനത്തെ ഇരയെ സെപ്റ്റംബർ 2 ന് ഭോപ്പാലിൽ വെച്ച് പുലർച്ചെ പൊലീസ് പിടികൂടുന്നതിന് രണ്ട് മണിക്കൂർ മുമ്പ് കൊലപ്പെടുത്തി. സാഗർ പൊലീസ് സംഘം പിടികൂടുമ്പോൾ അവൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞത് “ഇന്ന് രാത്രി ഞാൻ മറ്റൊരാളെ കൂടി കൊന്നു” എന്നാണ്. കോടതിയിലേക്കുള്ള വഴിയിൽ ധുർവെ പുഞ്ചിരിച്ചുകൊണ്ട് വിജയ ചിഹ്നം ഉയർത്തിക്കാണിക്കുകയും ചെയ്തിരുന്നു. കെജിഎഫ്-2ലെ ‘റോക്കി ഭായി’യുടെ ആശയങ്ങളും പെരുമാറ്റരീതികളും തനിക്ക് പ്രചോദനമായെന്നും പൊലീസുകാരാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ധുർവെ പറഞ്ഞത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.