കണ്ണൂർ: സംസ്ഥാനത്തെ റോഡ് തകർച്ചക്ക് ഒരു കാരണം ചില ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കണ്ണൂരിലെ പി.ഡബ്ല്യു.ഡി കോംപ്ലക്‌സ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പി.ഡബ്ല്യു.ഡിയിൽ ന്യൂനപക്ഷം ചില ഉദ്യോഗസ്ഥർ ഇപ്പോഴും തെറ്റായ പ്രവണതകൾ പിന്തുടരുന്നുണ്ട്. ഇത്തരക്കാരും ചില കരാറുകാരും തമ്മിൽ തെറ്റായ ചില കൂട്ടുകെട്ടുകൾ തുടരുകയാണ്. ഇത് സർക്കാർ തിരുത്തും. ഇത് തിരുത്താനുള്ള സന്ധിയില്ലാ നടപടി സർക്കാർ സ്വീകരിക്കും.
കേരളത്തിലെ കാലാവസ്ഥ വ്യതിയാനവും റോഡ് തകർച്ചക്ക് കാരണമാണ്. ശക്തമായ മഴ റോഡ് തകർച്ചക്ക് കാരണമാണ്. നവീകരണ പ്രവൃത്തിക്കും തുടർച്ചയായ മഴ തടസ്സം സൃഷ്ടിക്കുകയാണ്.
കേരളത്തിൽ പത്തിൽ ഒന്ന് റോഡ് മാത്രമാണ് പൊതുമരാമത്തിന്‍റേതായി ഉള്ളത്. എന്നാൽ, ഏത് റോഡ് തകർന്നാലും പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥയായി ചിത്രീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.