കൊല്ലം∙ രണ്ടുതരത്തിലെ ആളുകളാണ് കോൺഗ്രസ് വിട്ടുപോകുന്നതെന്നു മുതിർന്ന നേതാവ് ജയറാം രമേശ്. ആദ്യ പട്ടികയിൽപ്പെടുന്നവർ പാർട്ടിയിൽനിന്ന് എല്ലാം നേടിയവരാണ്. ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് ജമ്മു കശ്മിർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദിന്റെ കാര്യവും. ‘‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മുതൽ പിസിസി അധ്യക്ഷ സ്ഥാനം വരെ, കേന്ദ്രമന്ത്രി പദവി, പാർട്ടി ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ അദ്ദേഹത്തിനു ലഭിച്ചു. കോൺഗ്രസിൽനിന്ന് എല്ലാം നേടിയവരാണു പിന്നീട് പാർട്ടിയെ വിട്ടിട്ടു പോവുക’’ – അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘രണ്ടാമത്തെ പട്ടികയിൽ ഉള്ളവർ അന്വേഷണ ഏജൻസികളെ പേടിയുള്ളവരാണ്. അവർ നേരെപോയി ബിജെപിയിൽ ചേരും. ആ നിമിഷം മുതൽ അവർ ശുദ്ധരാകും. അസം മുഖ്യമന്ത്രിയെത്തന്നെ നോക്കൂ, മികച്ച ഉദാഹരണമാണദ്ദേഹം. ഒരു കേസ് പോലും അദ്ദേഹത്തിന് എതിരെ ഇല്ല. എന്നാൽ കോൺഗ്രസിൽ ആയിരുന്നപ്പോൾ ബിജെപി സ്ഥിരം അദ്ദേഹത്തെ ആക്രമിക്കുമായിരുന്നു. ഇപ്പോൾ അദ്ദേഹം മുഖ്യമന്ത്രിയായതോടെ ബിജെപി പൂർണനിശബ്ദരായി.
ഗോവയിൽ പാർട്ടി വിട്ട എട്ട് എംഎൽഎമാരും ഈ രണ്ടാം പട്ടികയിൽപ്പെടുന്നവരാണ്. ബിജെപിയുടെ വാഷിങ് മെഷീനിലേക്ക് ഈ എംഎൽഎമാർ പോയി. എനിക്കറിയാവുന്ന ഏറ്റവും അഴിമതിക്കാരായ ആളുകളാണ് അവർ. പാർട്ടിയിലേക്ക് അവരെ എടുത്തത് കോൺഗ്രസ് ചെയ്ത തെറ്റാണ്. ഇപ്പോൾ അവർ ബിജെപിയുടെ വാഷിങ് മെഷീനിലേക്ക് കയറിയതോടെ എന്റെ കുർത്തയേക്കാൾ വെളുത്ത് ഇറങ്ങിവരും. ആളുകൾ പോകും. എന്നാൽ പോകുന്ന ആളുകൾക്കു പകരം 20–30 യുവാക്കളാകും കയറിവരിക. വലിയ പേരുകാർ പോകുന്നതിൽ പേടിയില്ല. എത്രയും പെട്ടെന്നു പോകുന്നുവോ അത്രയും നല്ലത്’’ – വാർത്താസമ്മേളനത്തിൽ ജയറാം രമേശ് പറഞ്ഞു.