പാലക്കാട്∙ മണ്ണാർക്കാട് തത്തേങ്ങലത്ത് എൻഡോസൾഫാൻ സ്ക്രീനിങ് പുനഃപരിശോധന നടത്താൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. യഥാർഥ രോഗബാധിതരെ കണ്ടെത്തി അർഹമായ നഷ്ടപരിഹാരം നൽകുന്നതിനാണ് നിർദേശം. രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകാൻ പാലക്കാട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
2015ൽ ഇരുന്നൂറിലധികം ആളുകളെ പരിശോധിച്ചപ്പോൾ 45 പേരിൽ കാസർകോട്ടെ എൻഡോസൾഫാൻ ബാധിതർക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഏഴു വർഷമായി ആരോഗ്യവകുപ്പ് രഹസ്യമാക്കി സൂക്ഷിച്ചിരുന്ന റിപ്പോർട്ട് അടുത്തിടെയാണ് പുറത്തായത്. ഇതു ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തിയാണ് മനുഷ്യാവകാശ കമ്മിഷൻ വീണ്ടും വിശദമായ പരിശോധനയ്ക്ക് ഉത്തരവിട്ടത്. രോഗ വ്യാപനത്തോത് കൃത്യമായി മനസ്സിലാക്കി അർഹമായ സഹായം ഉറപ്പാക്കുന്നതിനാണ് ഇടപെടൽ.
പുനഃപരിശോധന ഫലം വരുന്നതോടെ എത്ര കുടുംബങ്ങളെ എൻഡോസൾഫാൻ രോഗം ബാധിച്ചുവെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകും. സർക്കാരിൽനിന്നു അർഹമായ സഹായം നേടിയെടുക്കാനും കഴിയും. ഈ വിഷയത്തിൽ നാട്ടുകാരിൽനിന്നും വ്യത്യസ്ത ഘട്ടങ്ങളിലായി വ്യാപക പരാതിയാണുണ്ടായത്.
പ്ലാന്റേഷൻ കോർപ്പറേഷന് കീഴിൽ തത്തേങ്ങലത്ത് പ്രവർത്തിച്ചിരുന്ന തോട്ടത്തിൽ വ്യാപകമായി എൻഡോസൾഫാൻ തളിച്ചിരുന്നെന്നാണ് നിഗമനം. ഇപ്പോഴും പൂട്ടിക്കിടക്കുന്ന ഓഫിസ് കെട്ടിടത്തിൽ കൂടിയ അളവിൽ എൻഡോസൾഫാൻ സൂക്ഷിച്ചിരിക്കുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് പൂർണമായും നശിപ്പിക്കുന്നതിനുള്ള നിർദേശവും കമ്മിഷന്റെ ഭാഗത്തു നിന്നുണ്ടാകും. ജില്ലാ കലക്ടർ നൽകുന്ന റിപ്പോർട്ട് പരിഗണിച്ചാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.