കൊച്ചി : ആലുവ-പെരുമ്പാവൂരിൽ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വാദങ്ങൾ തള്ളി സ്ഥലം എംഎൽഎ അൻവർ സാദത്ത്. റോഡ് വികസനത്തിന് നാട്ടുകാർ എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു. റോഡ് വീതി കൂട്ടുന്നത് സംബന്ധിച്ച് നാട്ടുകാരും കിഫ്ബിയും തമ്മിൽ തർക്കമില്ല. മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. കരാറുകാരേയും ഉദ്യോഗസ്ഥരേയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് വിജിലൻസ് റിപ്പോർട്ടെന്നും എംഎൽഎ വിശദീകരിച്ചു. റോഡപകടത്തിൽ മരിച്ചയാൾക്ക് നഷ്ടപരിഹാരം നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
അതേ സമയം, സംഭവത്തിൽ കരാറുകാരനെതിരെ പൊലീസ് കേസെടുത്തേക്കും. കേസെടുക്കുന്നതിലെ നിയമസാധ്യതകൾ പൊലീസ് തേടുന്നുണ്ട്. നേരത്തെ സമാനസംഭവത്തിൽ ദേശീയപാത കരാറുകാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെ അറ്റകുറ്റ പണികൾക്ക് പിന്നാലെ റോഡ് വീണ്ടും തകർന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. അൽവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം ശക്തമാക്കാനാണ് തീരുമാനം. കുഞ്ഞുമുഹമ്മദിന്റെ മരണത്തിന്റെ ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് അൻവർ സാദത്ത് എം.എൽഎ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.