മസ്കറ്റ്: വിമർശനം കേട്ട് താൻ പാർട്ടി വിട്ട് പോകുമെന്ന് ആരും കരുതേണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ഉത്തരവാദിത്തം നിറവേറ്റി മുന്നോട്ട് പോകും.ലീഗ് യോഗത്തിൽ ഉയര്‍ന്ന വിമർശനത്തിലാണ് ഷാജിയുടെ പ്രതികരണം.മസ്കറ്റ് KMCC വേദിയിലായിരുന്നു ഷാജിയുടെ മറുപടി.
മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് പ്രധാന നേതാക്കൾ ഷാജിക്കെതിരെ വിമർശനം ഉന്നയിച്ചത്. കെ എം ഷാജി തെറ്റിദ്ധാരണയുണ്ടാക്കും വിധം പൊതുവേദികളിൽ പ്രസംഗിക്കുന്നുവെന്നും എം എ യൂസഫലി അടക്കമുള്ളവരെ അപമാനിക്കാൻ ശ്രമിച്ചെന്നും ആക്ഷേപമുയര്‍ന്നു.
ലീഗിൽ അച്ചടക്ക സമിതി വരുമെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കിയിട്ടുണ്ട്.. ഒരു ചെയർമാനും നാലു അംഗങ്ങളും ഉൾപ്പെടെ തെരഞ്ഞെടുക്കും. പാർട്ടിക്കെതിരെ പുറത്ത് പരാമർശം നടത്തിയാൽ നടപടിവരും. മുന്നണി മാറാൻ ഒരു സാഹചര്യവും നിലവിലെന്നും ഇക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കണ്ണൂരിലെ വീട്ടിൽ നിന്നും വിജിലന്‍സ് പിടികൂടിയ 47 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ട് കെ എം ഷാജി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോഴിക്കോട് വിജിലന്‍സ് കോടതി അടുത്ത മാസം പത്തിലേക്ക് മാറ്റി. പണം തെരെഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം. പ്രതിഭാഗം ഹാജരാക്കിയ രേഖകൾ പരിശോധിക്കാന്‍ സമയം വേണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം പരിഗണിച്ചാണ് ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിയത്.