പത്തനംതിട്ട: മുൻ മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ച കേസിൽ പൊലീസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നു. കേസെടുത്ത് 73 ദിവസം ആയിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ല. സജി ചെറിയാനെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറായിട്ടില്ല. അന്വേഷണം മറ്റൊരു ഏജൻസിയെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരനായ അഭിഭാഷകൻ ബൈജു നോയൽ.
ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് മല്ലപ്പള്ളിയിലെ സിപിഎം വേദിയിൽ നടത്തിയ വിവാദ പ്രസംഗമാണ് സജി ചെറിയാന്‍റെ മന്ത്രി സ്ഥാനം തെറിക്കാൻ ഇടയാക്കിയത്. പ്രസംഗം വിവാദം ആയതിന് പിന്നാലെ കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയൽ തിരുവല്ല ഫസറ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മജിസ്ട്രേറ്റ് രേഷ്മ ശശിധരൻ കീഴ്വായ്പൂർ പൊലീസിനോട് കേസെടുക്കാൻ നിർദേശിച്ചത്. അതിവേഗത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ പിന്നീട് അന്വേഷണം സംഘം സ്വീകരിച്ചത് മെല്ലെപ്പോക്ക് നയമാണ്. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരം സജി ചെറിയാൻ എംഎൽഎക്കെതിരെ ജാമ്യം കിട്ടാത്ത കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ദിവസം ഇത്ര കഴിഞ്ഞിട്ടും പ്രതിയാക്കപ്പെട്ട ആളെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറായിട്ടില്ല.
ആദ്യ ഘട്ടത്തിൽ പ്രസംഗത്തിന്റെ വീഡിയോ കിട്ടിയില്ലെന്ന് പറഞ്ഞ പൊലീസ് തെളിവുകൾ കിട്ടിയിട്ടും അനങ്ങുന്നില്ല. പരിപാടിയുടെ സംഘാടകരുടെയും അന്ന് വേദിയിലുണ്ടായിരുന്ന എംഎൽഎംമാരുടെയും മൊഴി മാത്രമാണ് ഇതു വരെ രേഖപ്പെടുത്തിയിട്ടുള്ളത്. സജി ചെറിയാന്‍റെ ഒഴിവിലേക്ക് പകരം മന്ത്രിയെ പോലും വിടാതെ തിരിച്ചു വരവിന് അവസരമൊരുക്കി സിപിഎം കാത്തിരിക്കുമ്പോഴാണ് കേസിലെ മെല്ലെപ്പോക്ക് എന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽ കൂറെ കൂടി കഴിഞ്ഞാൽ കേസിൽ ഒന്നുമില്ലെന്ന് പറഞ്ഞ് പൊലീസ് റിപ്പോർട്ട് നൽകുമോയെന്നാണ് പരാതിക്കാരന്‍റെ സംശയം.