കൊച്ചി: കേരള ഹൈക്കോടതി ഇന്ന് മുതൽ പൂർണ്ണമായും ഇ ഫയലിംഗിലേക്ക് നിയമ സംവിധാനത്തിലെ സുപ്രധാന നാഴികക്കലാണ് ഇതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് സുപ്രീം കോടതി ജഡ്ജി ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ഇ ഫയലിംഗിന് ഒപ്പം പേപ്പർ രഹിത കോടതി മുറികളും ഓഫീസുകളും കേരള ഹൈക്കോടതിയിൽ പ്രവർത്തനസജ്ജമായി. അടുത്ത ഘട്ടമായി സംസ്ഥാനത്തെ കീഴ്കോടതികളിലും പദ്ധതി തുടങ്ങും. ഹൈക്കോടതിയും പൂർണ്ണമായി സ്മാർട്ടാകുന്നു. ഹൈക്കോടതി രജിസ്ട്രയിൽ നേരിട്ടെത്തി ഹർജികൾ നൽകേണ്ട. എവിടെ നിന്നും ഓൺലൈനായി ഹർജികൾ മാത്രമല്ല അനുബന്ധ രേഖകളും സമർപ്പിക്കാം. കോടതിമുറികളും ഇ രീതിയിലേക്ക് ചുവട് മാറുന്നു. അഭിഭാഷകർ ഫയലുമായി എത്തേണ്ട, മുന്നിലുള്ള കംപ്യൂട്ടർ സ്ക്രീനിൽ വിവരങ്ങളുണ്ടാകും. ജഡ്ജിക്കും എതിർഭാഗം അഭിഭാഷകനും ഇത് കാണാം. കൊവിഡ് കാലത്ത് കേസുകൾ തീർപ്പാക്കുന്നതിൽ കേരളത്തിന്‍റെ പ്രകടനം മികച്ചതായിരുന്നുവെന്ന് ഇ ഫയലിംഗ് പദ്ധതി ഉദ്ഘാടനം ചെയ്ത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.
അഭിമാനകരമായ നേട്ടമാണ് സംസ്ഥാനം കൈവരിച്ചിരിക്കുന്നതെന്ന് ഇ കോടതി പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതിയുടെ ആഭ്യന്തര ഐടി സംഘമാണ് പദ്ധതികൾ നടപ്പിലാക്കിയത്. കൊവിഡ് കാലത്ത് ഭാഗികമായി ഇ ഫയലിംഗ് നടപ്പാക്കിയപ്പോൾ എതിർപ്പുകൾ ഉയർന്നിരുന്നെങ്കിലും തീരുമാനവുമായി ഹൈക്കോടതി ഭരണവിഭാഗം മുന്നോട്ട് പോവുകയായിരുന്നു. ഇ ഫയലിംഗ് ഭാഗികമായി മാത്രം നടപ്പാക്കണമെന്ന ആവശ്യവുമായി തിങ്കളാഴ്ച കരിദിനം ആചരിക്കുമെന്ന് കേരള അഡ്വക്കേറ്റ്സ് ക്ലർക്സ് അസ്സോസിയേഷൻ അറിയിച്ചു. സംസ്ഥാനത്തെ പതിനായിരത്തോളം വക്കീൽ ജീവനക്കാർക്കാണ് ഇതോടെ തൊഴിൽ നഷ്ടമാവുക.