ദില്ലി: ശനിയാഴ്ച മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് ഇന്ത്യയിലേക്ക് 70 വര്‍ഷത്തിന് ശേഷം എത്തിയ ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടിരുന്നു. സഫാരി തൊപ്പിയും വെസ്റ്റും സൺഗ്ലാസും ധരിച്ച് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചീറ്റകളുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനും സമയം കണ്ടെത്തി. പ്രധാനമന്ത്രി ഫോട്ടോഗ്രാഫിയോടുള്ള തന്റെ ഇഷ്ടം കൂടി പ്രകടമാക്കുന്ന സന്ദര്‍ഭമായിരുന്നു ഇത്.
എന്നാല്‍ ഈ അവസരത്തില്‍ തൃണമൂൽ കോൺഗ്രസ് പ്രധാനമന്ത്രിയുടെ വ്യാജഫോട്ടോ പ്രചരിപ്പിച്ച് പ്രചാരണം നടത്തുന്നുവെന്നാണ് ബിജെപി പറയുന്നത്. ഇത്തരം ശ്രമം പൊളിച്ചെന്നാണ് ബിജെപിയുടെ ഫാക്ട് ചെക്കേര്‍സ് പറയുന്നത്. ക്യാമറയുടെ ക്യാപ് തുറക്കാതെയാണ് മോദി ചീറ്റയുടെ ചിത്രം എടുത്തത് എന്നാണ് തൃണമൂല്‍ രാജ്യസഭ എംപി ജവഹര്‍ സിര്‍ക്കാറിന്‍റെ അക്കൌണ്ടില്‍ നിന്നും ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതിനെതിരെ ബിജെപി ഉടന്‍ തിരിച്ചടിച്ചു. ഫോട്ടോ വ്യാജമാണെന്ന് അവര്‍ ഉടന്‍ കണ്ടെത്തി. കാനൻ കവറുള്ള നിക്കോൺ ക്യാമറയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നതെന്ന് ബിജെപി നേതാവ് സുകാന്ത മജുംദാർ ചൂണ്ടിക്കാട്ടി.
“തൃണമൂല്‍ രാജ്യസഭാ എംപി നിക്കോൺ ക്യാമറയുടെ ചിത്രം എഡിറ്റ് ചെയ്ത കാനോൻ കവറിൽ പങ്കുവയ്ക്കുന്നു. വ്യാജ പ്രചരണം നടത്താനുള്ള മോശം ശ്രമമാണ് ഇത്. മമത ബാനർജി… സാമാന്യബുദ്ധിയുള്ള ഒരാളെയെങ്കിലും നിയമിക്കൂ” – സുകാന്ത മജുംദാർ ട്വീറ്റ് ചെയ്തു. ഈ ട്വീറ്റിന് പിന്നാലെ തൃണമൂല്‍ എംപി തന്‍റെ ട്വീറ്റ് പിന്‍വലിച്ചു.
ശനിയാഴ്ച രാവിലെ പ്രത്യേക വിമാനത്തിൽ നമീബിയയിൽ നിന്ന് എട്ട് ചീറ്റകൾ ഇന്ത്യയിലെത്തിയത്. അവരിൽ മൂന്നെണ്ണം കെഎൻപിയിൽ പ്രധാനമന്ത്രി മോദിയും ബാക്കി അഞ്ചുപേരെ മറ്റ് നേതാക്കളും വന്യജീവി സങ്കേതത്തിലേക്ക് വിട്ടയച്ചു. ഏഴ് പതിറ്റാണ്ട് മുമ്പ് ഇന്ത്യയിൽ ചീറ്റകൾ വംശനാശം സംഭവിച്ചിരുന്നു.