ന്യൂഡല്‍ഹി: സംയുക്ത സൈനിക മോധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 14 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ അപകടം സംബന്ധിച്ച അന്വേഷണം പൂർത്തിയായി. മോശം കാലാവസ്ഥ മൂലുമുണ്ടായ പിഴവാകാം അപകടകാരണമെന്നാണു വിലയിരുത്തല്‍. ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പറുത്തുവന്നിട്ടില്ല. തമിഴ്നാട്ടിലെ കൂനൂരിൽ നവംബർ എട്ടിനായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം. എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിങിന്‍റെ നേതൃത്വത്തിലുള്ള സംയുക്ത സേനാ സംഘമാണ് അന്വേഷണം നടത്തിയത്. അപകട സ്ഥലത്ത് നേരിട്ടെത്തി തെളിവു ശേഖരിച്ചും ഫ്‌ളൈറ്റ് ഡേറ്റാ റിക്കാര്‍ഡറും കോക്പിറ്റ് വോയിസ് റിക്കാര്‍ഡറും വിശദമായി പരിശോധിച്ചുമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ജനുവരി 15നകം അന്വേഷണ റിപ്പോര്‍ട്ട് സർക്കാറിന് സമർപ്പിച്ചേക്കും. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി നിയമവശങ്ങളില്‍ സൂക്ഷ്മ പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ടില്‍ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണ പിഴവോ, യന്ത്രത്തകരാറോ ഉള്‍പ്പടെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കില്‍ പിന്നീട് നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കാം. അതിനാലാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് മുമ്പായി നിയമവശങ്ങള്‍ വിശദമായി പരിശോധിക്കുന്നത്. 10 മുതല്‍ 15 ദിവസത്തിനകം ഇത് പൂർത്തിയാകുമെന്നാണ് സൂചന.