പത്തനംതിട്ട: കലഞ്ഞൂരിൽ ഭര്‍ത്താവ് വെട്ടിമാറ്റി യുവതിയുടെ കൈ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തു. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യയുടെ കൈ തുന്നിച്ചേർക്കുന്ന ശസ്ത്രക്രിയക്ക് ശേഷം ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
അതേസമയം യുവതിയുടെ കൈ വെട്ടി മാറ്റിയ കേസിൽ ഭർത്താവ് അറസ്റ്റിലായി. അടൂർ പഴകുളത്ത് നിന്നാണ് ഏഴംകുളം സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യയെ കൊല്ലാനുള്ള ഉദ്ദേശത്തോടുകൂടിയാണ് അക്രമം നടത്തിയതെന്ന് സന്തോഷ് പോലീസിൽ മൊഴി നൽകി.
കണ്ണിൽ ചോര ഇല്ലാത്ത ക്രൂരതക്കാണ് കലഞ്ഞൂർ ചാവടിമല ഇന്നലെ രാത്രിയിൽ സാക്ഷ്യം വഹിച്ചത്. അഞ്ച് വയസുകാരനായ മകൻ്റെ കണ്മുന്നിലിട്ടാണ് അച്ഛൻ അമ്മയുടെ കൈ വെട്ടി മാറ്റുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സന്തോഷ് വിദ്യയുടെ വീട്ടിലെത്തിയത്.
വീടിന് അകത്ത് കയറിയ സന്തോഷ് കയ്യിലുണ്ടായിരുന്ന വടിവാളെടുത്ത് വിദ്യയുടെ കഴുത്തിന് വെട്ടാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് കൈയ്ക്ക് വെട്ടേറ്റത്. ഇടത് കൈ മുട്ടിന് താഴെ വച്ച് അറ്റ് പോയി. വലത് കയ്യുടെ വിരലുകൾ മുറിഞ്ഞു. കൊല്ലണം എന്ന ലക്ഷ്യത്തോടെ കരുതി കൂട്ടി ആസൂത്രണം ചെയ്താണ് സന്തോഷ് വിദ്യയുടെ വീട്ടിലെത്തിയത്. പ്രതിയുടെ കൈയ്യിൽ ഒരു കന്നാസിൽ ആസിഡും ഉണ്ടായിരുന്നു. ഇത് വീടിൻ്റെ പിൻവശത്ത് നിന്നും കണ്ടെത്തി. സ്വകാര്യ സ്ഥാപനത്തിൽ ട്യൂഷൻ എടുക്കാൻ പോകുന്ന വിദ്യയെ ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ വെച്ച് കൊല്ലാനായിരുന്നു പ്രതി ആദ്യം ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെയാണ് രാത്രിയിൽ വീടിൻ്റെ അടുക്കള വഴി കേറി ആക്രമിച്ചത്. മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച വിദ്യയുടെ അച്ഛൻ വിജയനെയും സന്തോഷ് വെട്ടി പരിക്കേൽപ്പിച്ചു.
വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാർ വീട്ടിലേക്ക് ഓടികൂടി. വിദ്യയെ ആശുപത്രിയിലെത്തിക്കാനുള്ള നാട്ടുകാരുടെ തിരക്കിനിടയിൽ സന്തോഷ് ഓടി രക്ഷപെട്ടു. ഇന്ന് പുലർച്ചയാണ് കൂടൽ ഇൻസ്പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ പോലീസ് പ്രതിയെ പിടികൂടിയത്. ഏറെനാളായി വിദ്യയും സന്തോഷം പരസ്പരം വേർപിരിഞ്ഞാണ് കഴിയുന്നത്. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് സന്തോഷ് വിദ്യയുടെ വീട്ടിലെത്തി പ്രശ്നങ്ങൾ പരിഹരിക്കണമെന്നും കുഞ്ഞിനെ തനിക്ക് വിട്ടുതരണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യ ഇതിന് തയ്യാറാവാതിരുന്നതിൻ്റെ വൈരാഗ്യമാണ് പ്രതിയെ ഇങ്ങനെയൊരു ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാവിലെ പ്രതിയെ സംഭവ സ്ഥലത്ത് തെളിവെടുക്കാൻ എത്തിച്ചപ്പോൾ നാടകീയ സംഭവങ്ങാണ് അരങ്ങേറിയത്. രോഷാകുലരായ നാട്ടുകാര്‍ പ്രതിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ പ്രതിരോധിച്ചു.