ന്യൂഡൽഹി∙ 25 വർഷം മുൻപ് മുങ്ങിയ കൊലപാതകക്കേസ് പ്രതിയെ കണ്ടെത്തി ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം. 1997ൽ കിഷൻ ലാൽ എന്ന വ്യക്തിയെ പണത്തിനായി കൊലപ്പെടുത്തി നാടുവിട്ട രാമു എന്നയാളെയാണു കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് കണ്ടെത്തിയത്. ഇൻഷുറൻസ് എജന്റുമാരായി വേഷംമാറി നടത്തിയ അന്വേഷണമാണു പ്രതിയെ വലയിലാക്കിയത്.
1997 ഫെബ്രുവരി രാത്രിയാണ് ഡൽഹിക്കു സമീപമുള്ള തുഗ്‌ലകബാദിൽ താമസിച്ചിരുന്ന കിഷൻ ലാൽ എന്ന വ്യക്തി കൊല്ലപ്പെടുന്നത്. വിവിധ ജോലികൾ ചെയ്തു ജീവിച്ചിരുന്ന കിഷൻ ലാൽ തന്റെ ഭാര്യ സുനിത ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കെയാണു കൊല്ലപ്പെടുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് കിഷൻ ലാലിന്റെ അയൽവാസിയായ രാമുവാണു കൊലപാതകത്തിനു പിന്നിലെന്നു കണ്ടെത്തി. എന്നാൽ കൊലപാതകത്തിനു പിന്നാലെ നാടുവിട്ട രാമുവിനെ പൊലീസിനു കണ്ടെത്താനായില്ല. പതിയെ കലപാതകിയെ കണ്ടെത്താനായില്ലെന്നു കാട്ടി കേസ് ഡയറി പൂട്ടി.
രണ്ടു പതിറ്റാണ്ടോളം പൊടിപിടിച്ചു കിടന്ന കേസ് ഫയലാണ് 2021 ഓഗസ്റ്റിൽ ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പൊടിതട്ടിയെടുത്തത്. പഴയ കേസുകൾ അന്വേഷിക്കുന്നതിനായി പ്രത്യേക പരിശീലനം നൽകിയ ഓഫിസർമാരാണ് ഈ സംഘത്തിൽ ഉൾപ്പെട്ടത്. കൃത്യം ഒരു വർഷമായപ്പോൾ രാമുവിനെ കണ്ടെത്തിയ ഇവർ കിഷൻ ലാലിന്റെ ഭാര്യ സുനിതയെ വിളിച്ചുവരുത്തി. 24 വയസ്സുള്ള മകൻ സണ്ണിക്കൊപ്പം എത്തിയ സുനിത പൊലീസ് കണ്ടെത്തിയ ആൾ രാമു തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ഭർത്താവിന്റെ കൊലയാളിയെ ഇനിയൊരിക്കലും കണ്ടെത്താനാകില്ലെന്നും ഒരിക്കലും നീതി ലഭിക്കില്ലെന്നും കരുതി ജീവിച്ച സുനിത 25 വർഷങ്ങൾക്കിപ്പുറം അയാളെ കണ്ടതും ബോധരഹിതയായി വീണു. ഇൻസ്പെക്ടർ സുരേന്ദ്ര സിങ്, സബ് ഇൻസ്പെക്ടർ യോഗേന്ദർ സിങ്, ഹെഡ് കോൺസ്റ്റബിൾമാരായ പുനീത് മാലിക്, ഓംപ്രകാശ് ദാഗർ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. എസിപി ധർമേന്ദർ കുമാറാണ് ഇവരെ നയിച്ചിരുന്നത്.
ഇൻഷുറൻസ് ഏജന്റുമാരായി വേഷം മാറിയ ഇവർ ഡൽഹിയിലെ ഉത്തം നഗറിലെത്തി. മരിച്ച രാമുവിന്റെ ബന്ധുക്കൾക്ക് ഇൻഷുറൻസ് പണം നൽകാനെന്ന പേരിലാണ് ഇവിടെ എത്തിയത്. ഉത്തം നഗറിനു പിന്നാലെ ഉത്തർപ്രദേശിലെ ഫറൂക്കാബാദ് ജില്ലയിലെ ഖാൻപുർ ഗ്രാമത്തിലും പൊലീസ് സംഘം എത്തി. രാമുവിന്റെ ബന്ധുക്കളെ കാണുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇവിടെയും എത്തിയത്. ഇവിടെനിന്ന് രാമുവിന്റെ മകനായ ആകാശിന്റെ ഫോണ്‍ നമ്പർ ഇവർ സംഘടിപ്പിച്ചു. തുടർന്ന ഫെയ്സ്ബുക്കിൽനിന്ന് ആകാശിന്റെ വിവരങ്ങൾ ശേഖരിച്ച സംഘം ലക്നൗവിലെ കപൂർത്തലയിൽ എത്തി.
ഇവിടെയെത്തിയ പൊലീസ് സംഘം ആകാശിനോട് രാമുവിന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി താൻ പിതാവിനെ കണ്ടിട്ടില്ലെന്നും ലക്നൗവിലെ ജാൻകിപുരം എന്ന സ്ഥലത്ത് അശോക് യാദവ് എന്ന പേരിൽ ഇ– റിക്ഷ ഓടിക്കുകയാണെന്നു മാത്രമേ അറിയൂ എന്നും ഇയാൾ പറഞ്ഞു. തുടർന്ന് ഇ–റിക്ഷ ഓടിക്കുന്നവർക്കു കേന്ദ്ര സർക്കാരിന്റെ സബ്സിഡി നൽകാനാനെത്തിയ ഏജന്റുമാരാണെന്ന പേരിൽ ജാൻകിപുരത്തെ ഓട്ടോ തൊഴിലാളികളുമായി ബന്ധപ്പെട്ടു. ഇതിനിടയിൽ ഒരാളിൽനിന്നാണ് അവിടെ റെയിൽവേ സ്റ്റേഷനു സമീപം താമസിക്കുന്ന അശോക് യാദവ് എന്ന രാമുവിലേക്ക് പൊലീസ് എത്തുന്നത്. കഴിഞ്ഞ സെപ്റ്റംബർ 14ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. രാമുവാണ് താനെന്ന കാര്യം ഇയാൾ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കേണ്ടിവന്നു. തുടർന്ന് ഫറൂക്കബാദിലെ ബന്ധുക്കളെയും സുനിതയെയും വിളിച്ചുവരുത്തി ഇയാളെ തിരിച്ചറിയുകയും ചെയ്തു.
പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. 1997 ഫെബ്രുവരി നാലിനു താൻ നടത്തിയ ഒരു നിശാപാർട്ടിയിൽവച്ച് കിഷൻ ലാലിനെ കുത്തി കൊലപ്പെടുത്തിയതാണെന്നു രാമു സമ്മതിച്ചു. ചിട്ടികമ്പനിയിൽനിന്നു ലഭിച്ച പണത്തിനായാണു കിഷൻ ലാലിനെ കൊലപ്പെടുത്തിയതെന്നും ആ പണവുമായി നിരവധി സ്ഥലത്തു മാറിമാറി താമസിച്ചശേഷം ജാൻകിപുരിൽ എത്തിയതാണെന്നും ഇയാൾ കുറ്റസമ്മതം നടത്തി. ഇത്തരത്തിൽ വിവിധ ഇടങ്ങളിൽ താമസിക്കുന്നതിനിടയിൽ രാമുവിന് അശേക് യാദവ് എന്ന പേരിൽ ആധാർ അടക്കം തിരിച്ചറിയൽ രേഖകൾ ലഭിച്ചു. ഇപ്പോൾ അൻപത് വയസ്സുണ്ട് രാമുവിന്. പ്രതിയെ കിട്ടിയതോടെ 25 വർഷം മുൻപ് അടച്ചുപൂട്ടിയ കേസിന്റെ നിയമനടപടികൾ ഇപ്പോൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.