ബെംഗളൂരു : മലപ്പുറം മൈസൂരു ഇക്കണോമിക് കോറിഡോറിന് കര്‍ണാടക പച്ചക്കൊടി കാണിച്ചതോടെ ദേശീയ പാത 766ന് പകരമുള്ള ബദല്‍ സംവിധാനത്തിനാണ് വഴിതെളിഞ്ഞിരിക്കുന്നത്. രാത്രി യാത്രാ നിരോധനം കാരണം അധിക ദൂരം സഞ്ചരിച്ച് മൈസൂരുവിലെത്തുന്നത് ഇനി ഒഴിവാകും. അതേസമയം ബെംഗ്ലൂരുവിലേക്കുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്ന മൂന്ന് സ്വപ്ന പദ്ധതികളാണ് കര്‍ണാടക എതിര്‍പ്പ് അറിയിച്ചതോടെ ഉപേക്ഷിക്കുന്നത്.
ദേശീയപാത 766.രാജ്യത്തെ ഏറ്റവും പഴയ പാതകളിലൊന്ന്. കേരളത്തെയും കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ദേശീയപാത. കോഴിക്കോട് നിന്ന് കര്‍ണാടകയിലെ കൊല്ലെഗല്‍ വരെ. കുന്ദമംഗലം കൊടുവള്ളി സുല്‍ത്താന്‍ബത്തേരി, ഗുണ്ടല്‍പേട്ട് നഞ്ചന്‍കോട് മൈസൂര്‍ നര്‍സിപൂരും ദേശീയപാത 766 കടന്നുപോകുന്ന പ്രധാനപട്ടണങ്ങള്‍. വയനാട് വന്യജീവി സങ്കേതത്തിലൂടെയും ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തിലൂടെയുമാണ് പാത പോകുന്നത്. 2010 മുതലാണ് രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. രാത്രി പുറത്തിറങ്ങുന്ന വന്യജീവികളുടെ സംരക്ഷണത്തിനായി ആയിരുന്നു നിരോധനം. ബന്ദിപൂര്‍ പാത രാത്രി അടയ്ക്കുന്നതോടെ കല്‍പ്പറ്റയില്‍ നിന്നും ഹുന്‍സൂര്‍ വഴി 32 കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ട സ്ഥിതിയാണ്. ചെറുകിട വ്യാപാരികളെയും വിനോദസഞ്ചാരികളെയും കാര്യമായി ബാധിച്ചിരുന്ന ഈ പ്രശ്നത്തിനാണ് ബദല്‍വഴി ഒരുങ്ങുന്നത്. മൈസൂര്‍ മലപ്പുറം ഇക്ണോമിക് കോറിഡോര്‍. തോല‍്‍പ്പെട്ടി മുതല്‍ പുറക്കാട്ടിരി വരെയും സുല്‍ത്താന്‍ ബത്തേരി മുതല്‍ മലപ്പുറം വരെയുമാണ് അലൈമെന്‍റുകള്‍. ഗതാഗത പ്രശ്നപരിഹാരത്തിനൊപ്പം മലപ്പുറത്തിന്‍റെ വികസന സാധ്യകള്‍ക്ക് കൂടി വഴിതുറക്കുന്നതാവും പദ്ധതി.
വര്‍ഷങ്ങളായി ഉയര്‍ന്ന് കേട്ട 156 കിലോമീറ്റര്‍ നീളുന്ന നിലമ്പൂര്‍ നഞ്ചന്‍കോട് പദ്ധതി ഉപേക്ഷിക്കുന്നു. കൊച്ചിയില്‍ നിന്ന് ബെംഗ്ലൂരുവിലേക്ക് 137 കിലോമീറ്റര്‍ പാത വന്നിരുന്നെങ്കില്‍ കുറയുമായിരുന്നു.156 ല്‍ 25 കിലോമീറ്ററും തുരങ്കം. റോ റോ സംവിധാനത്തിലൂടെ ചരക്ക് നീക്കത്തിനും പുതിയ സാധ്യതെളിഞ്ഞേനെ.പാതയിലുള്ള വയനാട് ബന്ദിപ്പൂര്‍ വന്യജീവി സങ്കേതവും കടുവാ സങ്കേതവും പദ്ധതിക്ക് തടസമായി.
കാഞ്ഞങ്ങാട്ടുനിന്ന് കിഴക്കന്‍ മലയോര മേഖലയിലൂടെയുള്ള തീവണ്ടിപാത പദ്ധതിയും കരിനിഴലിലായി.സമതല റെയില്‍ട്രാക്ക് സങ്കല്‍പ്പം തന്നെ മാറ്റുന്നതായിരുന്നു പദ്ധതി. പദ്ധതി നടപ്പായിരുന്നെങ്കില്‍ ആറ് മണിക്കൂര്‍ കൊണ്ട് കാഞ്ഞങ്ങാട്ട് നിന്ന് ബെംഗ്ലൂരുവിലെത്താന്‍ കഴിയുമായിരുന്നു. നാഗര്‍ഹോളെ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്നത് പരിഗണിച്ചാണ് തലശേരി മൈസൂരു പദ്ധതിക്ക് കര്‍ണാടക എതിര്‍പ്പ് അറിയിച്ചത്. വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ ഒഴിവാക്കിയുള്ള അലൈമെന്‍റ് നീക്കവും പരിഗണിക്കപ്പെട്ടില്ല. ബ്രിട്ടീഷ് കാലം മുതല്‍ ഉയര്‍ന്ന ആശയമാണ് സ്മൃതിയിലാകുന്നത്.