കുവൈത്ത് സിറ്റി: ഫാമിലി വീസയ്ക്കുള്ള മാനദണ്ഡങ്ങൾ കര്‍ശനമാക്കാനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പ്രതിമാസം 800 കുവൈത്ത് ദിനാറിന് മുകളിൽ (ഏകദേശം രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ശമ്പളമുള്ളവര്‍ക്ക് മാത്രമായിരിക്കും ഇനി ഫാമിലി വീസ ലഭിക്കുക. ഇത് സംബന്ധിച്ച ഉത്തരവ് വൈകാതെ പുറപ്പെടുവിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുവൈത്തിലെ വിദേശികളുടെ എണ്ണം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് ഫാമിലി വീസയ്ക്കുള്ള മാനദണ്ഡങ്ങൾ അധികൃതര്‍ കര്‍ശനമാക്കുന്നത്. നിലവിൽ അഞ്ഞൂറു ദിനാര്‍ പ്രതിമാസ ശമ്പളം ഉള്ള പ്രവാസികൾക്ക് ഫാമിലി വീസ അനുവദിച്ചിരുന്നു. എന്നാൽ പുതിയ തീരുമാന പ്രകാരം ഇനി മുതൽ 800 ദിനാറിന് മുകളിൽ മാസ ശമ്പളമുള്ളവര്‍ക്ക് മാത്രമേ ഫാമിലി വീസ അനുവദിക്കൂ.
ഇനി മുതല്‍ ഫാമിലി വീസയ്ക്ക് അപേക്ഷിക്കുമ്പോൾ 800 ദിനാറിന് മുകളിൽ ശമ്പളമുണ്ടെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടി വരും. ശമ്പളത്തിന് പുറമേ മറ്റേതെങ്കിലും അധികവരുമാനമുണ്ടെങ്കില്‍ അത് കുടുംബ വീസ നൽകുന്നതിന് പരിഗണിക്കില്ല. ഭാര്യ, പതിനാറ് വയസിൽ താഴെ പ്രായമുള്ള മക്കൾ എന്നിവരെയാണ് നിലവിൽ ഫാമിലി വീസയിൽ രാജ്യത്ത് കൊണ്ടുവരാൻ പ്രവാസികള്‍ക്ക് അനുമതിയുള്ളത്.
ഫാമിലി വീസക്കുള്ള ശമ്പളപരിധി കുത്തനെ ഉയര്‍ത്തിയതോടെ ഉയര്‍ന്ന വരുമാനക്കാര്‍ക്ക് മാത്രമേ ഇനി മുതൽ ഫാമിലി വീസ ലഭിക്കുകയുള്ളൂ. ഫാമിലി വിസിറ്റ് വീസ അനുവദിക്കുന്നത് ജൂൺ മുതൽ ആഭ്യന്തര മന്ത്രാലയം അനിശ്ചിമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് പുതിയ ഫാമിലി വിസക്കും നിയന്ത്രണം കൊണ്ട് വരുന്നത്.