കൊച്ചി: പൊലീസിനെ ആക്രമിച്ചെന്ന കേസിൽ ജയിലിലായ ഇടത് സൈബര്‍ പോരാളി പി.കെ.സുരേഷിന് ജാമ്യം അനുവദിച്ചു. ആലുവ മജിസ്ട്രേറ്റ് കോടതിയാണ് സുരേഷിന് ജാമ്യം അനുവദിച്ചത്. സുരേഷിനെതിരെ പോലീസ് കള്ളക്കേസെടുത്തു എന്നായിരുന്നു പ്രതിഭാഗത്തിൻ്റെ ആരോപണം. സുരേഷിന് ജാമ്യം അനുവദിക്കുന്നതിന് പ്രോസിക്യൂഷൻ എതിർത്തിരുന്നു.
ഭൂമി ഇടപാട് സംബന്ധിച്ച പരാതിയുടെ പുരോഗതി അന്വേഷിക്കാൻ ആലുവ പൊലീസ് സ്റ്റേഷനിലെത്തിയ പി.കെ.സുരേഷിനെ ആലുവ ഡിവൈഎസ്പി ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചെന്നാണ് ആരോപണം. എന്നാൽ സ്റ്റേഷനിൽ വച്ച് സുരേഷ് പൊലീസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്നും സ്റ്റേഷനിലുണ്ടായിരുന്ന പൊലീസ് റൈറ്ററെ കഴുത്തിന് കുത്തിപ്പിടിച്ചെന്നും നിലത്തിട്ട് ചവിട്ടി എന്നും ആണ് പൊലീസ് പറയുന്നത്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയടതടക്കം അഞ്ച് വകുപ്പുകൾ പ്രകാരമാണ് സുരേഷിനെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ ആക്കിയത്. എറണാകുളം സ്വദേശിയായ പികെ സുരേഷ് പോലീസ് അതിക്രമങ്ങളിൽ സർക്കാറിനെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളിൽ നിരന്തരം ലേഖനമെഴുതാറുള്ള വ്യക്തിയാണ്. സുരേഷിനെതിരായ പോലീസ് നടപടിയിൽ ഇടത് സൈബർ ഇടങ്ങളിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.