ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഫ്രാങ്ക്ഫർട്ടില്‍ നിന്നും ദില്ലിയിലേക്കുള്ള വിമാനത്താവളത്തിൽ നിന്ന് ലക്കുകെട്ട് മദ്യപിച്ചതിന് ഇറക്കിവിട്ടുവെന്നാരോപിച്ച് പ്രതിപക്ഷം രംഗത്ത്. എന്നാല്‍ പഞ്ചാബ് ഭരണകക്ഷിയായ എഎപി ആരോപണം അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് നിഷേധിച്ചു.
മദ്യലഹരിയിലായതിനാലാണ് മന്നിനെ ലുഫ്താൻസ വിമാനത്തിൽ നിന്ന് ഇറക്കിയതെന്ന് ശിരോമണി അകാലിദൾ (എസ്എഡി) തലവൻ സുഖ്ബീർ സിംഗ് ബാദൽ ആരോപിച്ചത്. സഹയാത്രികരെ ഉദ്ധരിച്ചുള്ള തീര്‍ത്തും അസ്വസ്തമായ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാൻ നടക്കാൻ പോലും കഴിയാത്ത രീതിയില്‍ മദ്യപിച്ചതിനാൽ ലുഫ്താൻസ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്നാണ്.
ഇത് മൂലം ഈ വിമാനം 4 മണിക്കൂർ വൈകിയെന്നും ആരോപിക്കുന്നു. ഇത് മൂലം ആം ആദ്മി പാർട്ടിയുടെ ദേശീയ തലത്തിലുള്ള യോഗത്തില്‍ ഭഗവന്ത്മാന് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും ആരോപണം പ്രതിപക്ഷം ഉയര്‍ത്തി. ഈ റിപ്പോർട്ടുകൾ ലോകമെമ്പാടുമുള്ള പഞ്ചാബികളെ ലജ്ജിപ്പിക്കുന്നതാണെന്നാണ് അകാലിദൾ (എസ്എഡി) തലവൻ സുഖ്ബീർ സിംഗ് ബാദൽ ട്വീറ്റ് ചെയ്തു.
എന്നാല്‍ എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതവും വ്യാജവുമാണെന്നുമാണ് ആം ആദ്മി പാർട്ടി (എഎപി) മുഖ്യ വക്താവ് മൽവിന്ദർ സിംഗ് കാങ് പറഞ്ഞത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ എതിരാളികൾ ഇത്തരം പ്രചാരണങ്ങള്‍ നിരന്തരം നടത്തുന്നുവെന്ന് ആംആദ്മി ആരോപിച്ചു.
ആരോപണങ്ങൾ അടിസ്ഥാന രഹിതവും വ്യാജവും വ്യാജവുമാണെന്നും മുഖ്യമന്ത്രി സംസ്ഥാനത്തേക്ക് നിക്ഷേപം കൊണ്ടുവരാൻ കഠിനമായി പരിശ്രമിക്കുന്നത് സഹിക്കാന്‍ കഴിയാത്തതിനാലാണ് പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ ഇത്തരം കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും കാങ് പറഞ്ഞു.
അതേ സമയം വിമാനം വൈകിയതില്‍ ലുഫ്താൻസ വിശദീകരണവുമായി രംഗത്ത് എത്തി. “ഫ്രാങ്ക്ഫർട്ടിൽ നിന്ന് ദില്ലിയിലേക്കുള്ള ഞങ്ങളുടെ ഫ്ലൈറ്റ് ഇൻബൗണ്ട് ഫ്ലൈറ്റ് വൈകിയതിനാല്‍ ആദ്യം പ്ലാൻ ചെയ്തതിനേക്കാൾ വൈകിയാണ് പുറപ്പെട്ടത്” – ലുഫ്താന്‍സ പിടിഐയോട് പറഞ്ഞു. ഇതില്‍ പഞ്ചാബ് മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ ആരോപണം വിമാന കമ്പനി സൂചിപ്പിക്കുന്നില്ല.
എട്ട് ദിവസത്തെ ജര്‍മ്മന്‍ സന്ദര്‍ശനം കഴിഞ്ഞാണ് പഞ്ചാബ് മുഖ്യമന്ത്രി മാൻ തിങ്കളാഴ്ച തിരിച്ചെത്തിയത്. വിദേശ നിക്ഷേപം ആകര്‍ഷിക്കാനായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ വിദേശ യാത്ര. എന്നാല്‍ തന്‍റെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അകാലിദൾ (എസ്എഡി) തലവൻ സുഖ്ബീർ സിംഗ് ബാദൽ.
വിഷയത്തിൽ സംസ്ഥാന സർക്കാർ മൗനം പാലിക്കുന്നതിൽ ഞെട്ടിക്കുന്നതായും ബാദൽ മറ്റൊരു ട്വീറ്റിൽ പറഞ്ഞു. മുഖ്യമന്ത്രി ഭഗവന്ത്മാൻ, അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെട്ട ഈ റിപ്പോർട്ടുകളിൽ മൗനം പാലിക്കുകയാണ്. ഇതിൽ പഞ്ചാബിനും, രാജ്യത്തിനും അപമാനം ഉണ്ടായ വിഷയമായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ ഇടപെടണം.
സംഭവത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവും പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ പ്രതാപ് സിംഗ് ബാദൽ ആവശ്യപ്പെട്ടു. മന്നിന്‍റെ പ്രവര്‍ത്തിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, അത് രാജ്യത്തിനാകെ നാണക്കേടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.