ദില്ലി: ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട കേന്ദ്ര സർക്കാര്‍ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് ഐപിഎസ് ഉദ്യോഗസ്ഥൻ സതീഷ് വർമ്മയുടെ പിരിച്ചുവിടല്‍ നടപടി സ്റ്റേ ചെയ്തത്. സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നും ജസ്റ്റുസുമാരായ കെ എം ജോസഫ്സ ഹൃഷികേശ് റോയി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
വിരമിക്കാൻ ഒരു മാസം ശേഷിക്കെയാണ് ഓഗസ്റ്റ് 30ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സതീഷ് വർമ്മയെ പിരിച്ച് വിട്ടത്. മാധ്യമങ്ങളോട് പ്രതികരിച്ചത് അടക്കമുളള വിഷയങ്ങളിലാണ് ആഭ്യന്തരമന്ത്രാലയം പിരിച്ചുവിടലിന് ഉത്തരവിട്ടത്. സതീഷ് വർമ്മ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഗുജറാത്തിലെ ഇസ്രത്ത് ജഹാൻ ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.
2004 ലെ ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റമുട്ടൽ കൊലക്കേസ് അന്വേഷിക്കാൻ ഗുജറാത്ത് ഹൈക്കോടതി നിയമിച്ച എസ്ഐടിയിലെ അംഗമായിരുന്നു സതീഷ് വർമ്മ. 1986 ബാച്ച് ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ മുംബൈ സ്വദേശിനിയായ ഇസ്രത്ത് ജഹാൻ, മലയാളിയായ പ്രാണേഷ് പിള്ള,ഒപ്പം രണ്ട് പാക് പൗരൻമാരും എത്തിയെന്നായിരുന്നു പൊലീസ് വാദം. ഇവരെ ഏറ്റുമുട്ടലിലൂടെ കൊല്ലുകയും ചെയ്തു. എന്നാൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കോടതിയെ സമീപിക്കുകയും എസ്ഐടി രൂപീകരിക്കുകയും ചെയ്തു.
കോടതി നിർദ്ദേശത്തെ തുടർന്നാണ് സതീഷ് വർമ്മയെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത്. എസ്ഐടി അന്വേഷണം പിന്നീട് സിബിഐ ഏറ്റെടുത്തപ്പോഴും അന്വേഷണ സംഘത്തിൽ സതീഷ് വർമ്മയുണ്ടായിരുന്നു. നടന്നത് വ്യാജ ഏറ്റമുട്ടലെന്ന് അന്വേഷണ സംഘങ്ങളെല്ലാം കണ്ടെത്തി. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം അറസ്റ്റിലായി. പക്ഷെ പിന്നീട് കേസിന് മുന്നോട്ട് പോവാനായില്ല. ആരെയും ശിക്ഷിച്ചില്ല. പക്ഷെ പലവട്ടം സതീഷ് കുമാറിന് അച്ചടക്ക നടപടികൾ നേരിടേണ്ടി വന്നു. സ്ഥാനക്കയറ്റം തടയപ്പെട്ടു. അച്ചടക്ക നടപടികൾക്കെതിരെ സതീഷ് കുമാർ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് രസഹ്യവിവരങ്ങൾ മാധ്യമങ്ങളുമായി പങ്കു വച്ചു എന്നതടക്കം പലകാരങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിരിച്ച് വിടൽ നടപ്പാക്കിയത്.