റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷം പ്രമാണിച്ച് രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾ വിലക്കിഴിവുപോലുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം. ദേശീയദിനവുമായി ബന്ധപ്പെട്ട വിലക്കിഴിവ് നല്‍കുമ്പോള്‍ സ്ഥാപനങ്ങള്‍ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നേടണം.
വാണിജ്യ മന്ത്രാലയത്തില്‍ നിന്ന് ഓഫറുകള്‍ നല്‍കാനായി ലഭിക്കുന്ന അനുമതി പത്രം സ്ഥാപനത്തിൽ ഉചിതമായതും ഉപഭോക്താക്കൾക്ക് കാണാവുന്നതുമായ സ്ഥലത്ത് പ്രദർശിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. എത്ര ശതമാനമാണ് വിലക്കുറവ് നല്‍കുന്നതെന്ന വിവരം ഉപഭോക്താക്കൾക്ക് വായിച്ച് മനസിലാക്കത്തക്ക വിധം രേഖപ്പെടുത്തിയിരിക്കണം.
വിലക്കിഴിവ് പ്രഖ്യാപനത്തിന് മുമ്പും അതിന് ശേഷവുമുള്ള വിലയുടെ സ്റ്റിക്കറുകൾ ഉത്പന്നങ്ങൾക്ക് മേൽ പതിച്ചിരിക്കണം. 15 ദിവസത്തിൽ കൂടുതൽ വിലക്കിഴിവ് നൽകാൻ പാടില്ല എന്നീ അഞ്ച് വ്യവസ്ഥകളാണ് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം 17 മുതൽ 30 വരെയാണ് സൗദി അറേബ്യയില്‍ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന വിലക്കിഴിവിന് അനുമതിയുള്ളത്.
സൗദി അറേബ്യയുടെ 92-മത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പ്രവിശ്യകളിലെ 14 നഗരങ്ങളിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. റിയാദിൽ അൽഖൈറുവാൻ ഡിസ്ട്രിക്ടിലും പ്രിൻസ് തുർക്കി ബിൻ അബ്ദുൽഅസീസ് അൽഅവ്വൽ റോഡിന് വടക്കും 22, 23 തീയതികളിൽ വൈകിട്ട് 4.30 ന് വ്യോമാഭ്യാസ പ്രകടനങ്ങളുണ്ടാകും. ജിദ്ദയിൽ 18, 19, 20 തീയതികളിൽ വൈകിട്ട് അഞ്ചിന് ഹിൽട്ടൻ ഹോട്ടലിനു സമീപം ബീച്ചിലാണ് വ്യോമാഭ്യാസ പ്രകടനങ്ങൾ.
ദമാമിൽ കിഴക്കൻ കോർണിഷിൽ 17, 18, 19 തീയതികളിൽ വൈകിട്ട് അഞ്ചിനും ഖമീസ് മുഷൈത്തിൽ ബോളിവാർഡിലും സറാത്ത് ഉബൈദയിലും തൻമിയയിലും 22, 23 തീയതികളിൽ വൈകിട്ട് 5.30 നും വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കും. തായിഫിൽ കിംഗ് ഫഹദ് എയർബേയ്‌സ്, അൽഹദ, അൽശഫ, അൽഖംസീൻ സ്ട്രീറ്റ്, അൽറുദഫ് പാർക്ക് എന്നിവിടങ്ങളിൽ 22, 23 തീയതികളിൽ വൈകിട്ട് 5.30 നും ഇതേ ദിവസങ്ങളിൽ അൽബാഹയിൽ വൈകിട്ട് അഞ്ചിന് പ്രിൻസ് മുഹമ്മദ് ബിൻ സൗദ് പാർക്കിലും വൈകിട്ട് അഞ്ചിന് ബൽജുർശി നാഷണൽ പാർക്കിലും അബഹയിൽ വൈകിട്ട് 5.30 ന് അബഹ എയർപോർട്ട് പാർക്ക്, അൽഫൻ സ്ട്രീറ്റ്, അൽആലിയ സിറ്റി എന്നിവിടങ്ങളിലും വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കും.