ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത് ശ്രീനിവാസന്‍റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം നാല് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. കൊലപാതകത്തിനുശേഷം മറ്റ് ജില്ലകളിൽ ഒളിവിൽ കഴിഞ്ഞ ആലപ്പുഴ സ്വദേശികളായ രണ്ടുപേരെയും ഗൂഢാലോചനയിൽ പങ്കാളിയായ ആലപ്പുഴ വലിയമരം വാർഡ് പുന്നക്കൽ പുരയിടം സെയ്ഫുദ്ദീൻ (48), പ്രതികൾക്ക് വ്യാജ സിം കാർഡ് തരപ്പെടുത്തിയ പുന്നപ്ര കളിത്തട്ടിനുസമീപം ബി ആൻഡ് ബി മൊബൈൽ കട നടത്തുന്ന മുഹമ്മദ് ബാദുഷ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് പ്രതികളുടെ പേരും വിലാസവും പോലീസ് വെളിപ്പെടുത്തിയില്ല.
കൊലയാളികൾക്ക് വ്യാജരേഖ ചമച്ച് സിം കാർഡുകൾ തരപ്പെടുത്തിയതിനാണ് ബാദുഷയെ അറസ്റ്റ് ചെയ്തത്.
കടയിൽ സിം എടുക്കാൻ വന്നയാളുടെ ആധാർ കാർഡും ഫോട്ടോയും ഉപയോഗിച്ച് അവരറിയാതെ രണ്ട് സിം കാർഡുകൾ എടുക്കുകയും ഒരു സിം കാർഡ് പ്രതികൾക്ക് നൽകിയതുമായി ബന്ധപ്പെട്ട് പുന്നപ്ര പോലീസ് ഇയാൾക്കെതിരെ വ്യാജരേഖ ചമച്ച് വിശ്വാസവഞ്ചന നടത്തിയതിന് കേസെടുത്തിട്ടുണ്ട്. ഇത്തരത്തിൽ കൂടുതൽ സിം കാർഡുകൾ തരപ്പെടുത്തിയിട്ടുണ്ടോയെന്ന് അടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കും.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ ആലപ്പുഴ സ്വദേശികളായ പ്രതികളെ പെരുമ്പാവൂരിൽ നിന്നാണ് പിടികൂടിയതെന്നാണ് വിവരം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തു. നേരത്തേ അറസ്റ്റിലായ കുറ്റകൃത്യത്തിൽ പങ്കെടുത്തവരിൽ നിന്നാണ് അറസ്റ്റിലായ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
അതിനിടെ ഷാൻ വധക്കേസിൽ ഉൾപ്പെട്ട പ്രതികൾ ഒരുദിവസം ഒളിവിൽ താമസിച്ച കഞ്ഞിക്കുഴിയിലെ ഹോട്ടലിൽ ശനിയാഴ്ച തെളിവെടുപ്പ് നടത്തി. ഈ കേസിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ടുപേർകൂടി ഇനിയും പിടിയിലാകാനുണ്ട്. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. ഷാൻ വധത്തിൽ 15 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്.