തിരുവനന്തപുരം: കാട്ടാക്കട ബസ് ഡിപ്പോയിൽ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ആർടിസി. 4 ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ.സുരേഷ് കുമാർ, കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ 45 ദിവസത്തനികം അന്വേഷണം പൂർത്തിയാക്കി, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി സിഎംഡിക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
സംഭവത്തിന് പിന്നാലെ സിഎംഡിയോട് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തെ പ്രാഥമിക അന്വേഷണം നടത്താൻ നിയോഗിച്ചത്. മർദ്ദനമേറ്റ ആമച്ചൽ സ്വദേശി പ്രേമനന്റെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം വിജിലൻസ് റിപ്പോർട്ട് കൈമാറി. ജീവനക്കാർക്ക് വീഴ്ച സംഭവിച്ചെന്ന് വ്യക്തമാക്കി കൈമാറിയ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.