ദില്ലി : മുഖ്യമന്ത്രി സ്ഥാനവും പാർട്ടി അധ്യക്ഷ സ്ഥാനവും ഒന്നിച്ച് വഹിക്കാൻ അശോക് ഗലോട്ടിന് എ ഐ സി സി അനുമതി നൽകില്ല.കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗെലോട്ട് വന്നാൽ രാജസ്ഥാനിൽ പകരം സംവിധാനം ഉണ്ടാകുമെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി . ഇക്കാര്യം സോണിയ ഗാന്ധി തന്നെ അശോക് ഗെലോട്ടിനെ അറിയിക്കും. താൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തണമെങ്കിൽ തന്റെ വിശ്വസ്തനെ തന്നെ മുഖ്യമന്ത്രി ആക്കണമെന്നതാണ് അശോക് ഗെലോട്ടിന്റെ ആവശ്യം . രാജസ്ഥാൻ മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ അംഗീകരിക്കുന്നില്ലെന്ന വ്യക്തമായ സന്ദേശമാണ് അശോക് ഗെലോട്ട് നൽകുന്നത്. എന്നാൽ ഗെലോട്ട് അധ്യക്ഷനാകുകയും സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നിരസിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായാൽ രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും പ്രശ്നങ്ങൾ വഷളാകുമെന്നുറപ്പാണ് . സച്ചിൻ പൈലറ്റ് ഇപ്പോൾ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ഒപ്പം കൊച്ചിയിൽ ഉണ്ട് .