ന്യൂഡൽഹി∙ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ തയാറെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഗാന്ധി കുടുംബത്തിനു തന്നില്‍ വിശ്വാസമുണ്ട്. എന്നാൽ അധ്യക്ഷനാകണമെന്ന് രാഹുല്‍ ഗാന്ധിയോട് വീണ്ടും ആവശ്യപ്പെടും. അധ്യക്ഷനായി രാഹുല്‍ ഭാരത് ജോഡോ യാത്ര നയിച്ചാല്‍ പ്രഭാവമേറും. മുഖ്യമന്ത്രിയാകുമോ കോണ്‍ഗ്രസ് പ്രസിഡന്‍റാവുമോ എന്ന ചോദ്യത്തിന് കാലം തെളിയിക്കും എന്നായിരുന്നു ഗെലോട്ടിന്റെ മറുപടി.
ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് മുൻപാണ് പാര്‍ട്ടി ശക്തമാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതായി അശോക് ഗെലോട്ട് പറഞ്ഞത്. എന്നാൽ രാജസ്ഥാന്‍ മുഖ്യമന്ത്രി പദം ഒഴിയാന്‍ ഗെലോട്ടിന് വിമുഖതയുണ്ട്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണം എന്നാണ് പ്രവര്‍ത്തകരുടെ പൊതുവികാരമെന്നും ഇതു നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഗെലോട്ടുമായി ഇടഞ്ഞുനില്‍ക്കുന്ന സച്ചിന്‍ പൈലറ്റ് കൊച്ചിയില്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ഊര്‍ജിതമായിരിക്കെ മത്സരരംഗത്തുള്ള ശശി തരൂര്‍ വോട്ടര്‍പട്ടിക പരിശോധിക്കാന്‍ എഐസിസി ആസ്ഥാനത്തെത്തി. തിരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂതന്‍ മിസ്ത്രിയുമായി തരൂര്‍ കൂടിക്കാഴ്ച നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഡല്‍ഹിയില്‍ തുടരുകയാണ്