ദോഹ: ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ സന്ദര്‍ശക വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു. കര, വ്യോമ, സമുദ്രമാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദര്‍ശകരെയാണ് നിയന്ത്രിക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ ഹയാ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറിയിച്ചു.
2022 ഡിസംബര്‍ 23 മുതലാണ് വിസിറ്റ് വിസകള്‍ പുനരാരംഭിക്കുക. ലോകകപ്പ് സമയത്ത് ഖത്തറിലെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സന്ദര്‍ശക വിസക്കാര്‍ക്ക് മാത്രമാണ് ഇത് ബാധകമാകുക. ഖത്തറില്‍ താമസവിസയുള്ളവര്‍, ഖത്തര്‍ പൗരന്മാര്‍, ഖത്തര്‍ ഐഡിയുള്ള ജിസിസി പൗരന്മാര്‍, പേഴ്‌സണല്‍ റിക്രൂട്ട്‌മെന്റ് വിസകള്‍, തൊഴില്‍ വിസകള്‍ എന്നിവയ്ക്കും വ്യോമമാര്‍ഗം മനുഷ്യത്വപരമായ കേസുകളിലും ഖത്തറിലേക്ക് പ്രവേശനം അനുവദിക്കും.