ചെറുതോണി : കെപിസിസി വര്‍ക്കിങ് പ്രസിഡന്റും എംഎല്‍എയുമായിരുന്ന പി.ടി.തോമസിന്റെ ചിതാഭസ്മം വഹിച്ചു കൊണ്ടുള്ള സ്മൃതിയാത്ര നാളെ രാവിലെ 7നു പാലാരിവട്ടത്തെ വീട്ടില്‍ നിന്നാരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സാന്നിധ്യത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന് കുടുംബാംഗങ്ങളില്‍ നിന്നു ചിതാഭസ്മം ഏറ്റുവാങ്ങും. തുറന്ന വാഹനത്തില്‍ കൊണ്ടുപോകുന്ന ചിതാഭസ്മ സ്മൃതിയാത്രയ്ക്കു വിവിധ സ്ഥലങ്ങളില്‍ ആദരമര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി. എറണാകുളം ജില്ലയിലെ പ്രയാണത്തിനു ശേഷം സ്മൃതിയാത്ര 11ന് ഇടുക്കി ജില്ലാ അതിര്‍ത്തിയായ നേര്യമംഗലത്ത് എത്തിച്ചേരുമ്പോള്‍ ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന്റെ നേതൃത്വത്തില്‍ ചിതാഭസ്മം ഏറ്റുവാങ്ങും.
തുടര്‍ന്ന് അവിടെ ആദരം അര്‍പ്പിച്ച ശേഷം ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ 11.45ന് ഇരുമ്പുപാലം, 12.15ന് അടിമാലി, 1.30നു കല്ലാര്‍കുട്ടി, 2നു പാറത്തോട്, 3നു മുരിക്കാശേരി എന്നിവിടങ്ങളില്‍ എത്തിച്ചേരും. വൈകിട്ട് 4ന് ഉപ്പുതോട്ടില്‍ എത്തുമ്പോള്‍ കുടുംബാംഗങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് ചിതാഭസ്മം ഏറ്റുവാങ്ങും. തുടര്‍ന്ന് ഉപ്പുതോട് സെന്റ് ജോസഫ്സ് പള്ളിയില്‍ പി.ടി.തോമസിന്റെ മാതാവിന്റെ കല്ലറയില്‍ ചിതാഭസ്മം അടക്കം ചെയ്യും. 5ന് ഉപ്പുതോട് പള്ളിക്കവലയില്‍ ചേരുന്ന സ്മൃതി സംഗമത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എഐസിസി സെക്രട്ടറി ഐവാന്‍ ഡിസൂസ, എം.എം.ഹസന്, ഡീന്‍ കുര്യാക്കോസ് എംപി, കെപിസിസി – ഡിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.