റാഞ്ചി∙ ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ജാർഖണ്ഡിൽ വനിതാ കോൺഗ്രസ് എംഎൽഎ ദേശീയപാതയിലെ ചെളിവെള്ളത്തിൽ കുളിച്ചു. മഹാഗാമയിൽനിന്നുള്ള എംഎൽഎ ദീപിക പാണ്ഡേ സിങ്ങാണ് ഗോഡ്ഡ ജില്ലയിലെ ദേശീയപാതയിലെ ചെളിവെള്ളത്തിൽ ഇരുന്ന് കുളിച്ച് പ്രതിഷേധിച്ചത്. ബുധനാഴ്ചയാണു സംഭവം.
‘‘സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള പോരാട്ടത്തിൽ ഏർപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത് എൻഎച്ച് 133 ആണ്. 2022 മേയില്‍ ഇതു വീതി കൂട്ടാനുള്ള ഉത്തരവാദിത്തം അധികാരികൾ ഏറ്റെടുത്തു. എന്നാൽ അറ്റകുറ്റപ്പണികൾക്ക് കേന്ദ്രം ഫണ്ട് നൽകുന്നില്ല. ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്നതിനാൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നു’’– അവർ പറഞ്ഞു. ദേശീയപാതയുടെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് താൻ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നിയമസഭാ സമിതി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചില്ലെന്നും അവർ പറഞ്ഞു.
ജനപ്രതിനിധികൾക്ക് ഇവിടെ വന്ന് ഇരുന്നാൽ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ കഴിയുമെന്ന് ഗോഡ്ഡ എംപി നിഷികാന്ത് ദുബെയെ പരാമർശിച്ച് അവർ ട്വീറ്റും ചെയ്തു. ഇതിനു മറുപടിയായി ദുബെയും രംഗത്തെത്തി. “മഹാഗാമയിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ ധർണയിലാണ്. ഈ ദേശീയപാത പരിപാലിക്കുന്നത് റോഡ് നിർമാണ വകുപ്പാണ്. ഇതിനുവേണ്ടി കേന്ദ്രസർക്കാർ ഇതിനകം 75 കോടി രൂപ അനുവദിച്ചു’’– ദുബെ ട്വീറ്റ് ചെയ്തു. എന്നാൽ, ദുബെ പറയുന്നത് പച്ചക്കള്ളമാണെന്നും കേന്ദ്രം പണം അനുവദിച്ചിട്ടില്ലെന്നും ദീപിക ആരോപിച്ചു.