ഹൈദരാബാദ്∙ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിക്ക് സ്ഥിരം അധ്യക്ഷനാകാനുള്ള പാകത്തിൽ പാർട്ടി ഭരണഘടന ഭേദഗതി ചെയ്യാനുള്ള വൈഎസ്ആർ കോൺഗ്രസിന്റെ തീരുമാനത്തിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനു രാഷ്ട്രീയ പാർട്ടികൾ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും വൈഎസ്ആർ കോൺഗ്രസിന്റെ നീക്കം അതിന്റെ ലംഘനമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് നിഷേധിക്കുന്ന ഏതൊരു നടപടിയും കമ്മിഷന്റെ നിലവിലുള്ള നിർദേശങ്ങളുടെ പൂർണമായ ലംഘനമാണെന്നു വ്യക്തമാക്കിയ കമ്മിഷൻ, വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയെ സ്ഥിരം അധ്യക്ഷനായി നിയമിച്ചതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ സംബന്ധിച്ചു പരസ്യമായി വ്യക്തമായ പ്രസ്താവന നടത്തണമെന്നു പാർട്ടിയോട് ആവശ്യപ്പെട്ടു.