ഇടുക്കി : സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് നാളെ കുമളിയില്‍ തുടക്കമാകും. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അന്വേഷണ കമ്മിഷണന്‍ കണ്ടെത്തിയ എസ് രാജേന്ദ്രന്റെ ഭാവി തന്നെയാണ് സമ്മേളനത്തിലെ മുഖ്യ ചര്‍ച്ചാ വിഷയം. മുന്‍ കാലങ്ങളിലേതുപോലെ വലിയ പ്രശ്നങ്ങളില്ലാതെ സമ്മേളനം മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു സിപിഐഎം. എന്നാല്‍ എസ് രാജേന്ദ്രന് വിഷയം അവസാന നിമിഷം കൂടുതല്‍ ശക്തമായി. വിമര്‍ശനങ്ങളും താക്കീതുകളും പലതവണയുണ്ടായിട്ടും എസ് രാജേന്ദ്രന് പാര്‍ട്ടിയോട് ഇടഞ്ഞുതന്നെ നില്‍ക്കുകയാണ്. പ്രതിനിധി സമ്മേളനത്തിലും രാജേന്ദ്രനെതിരെ നടപടി സ്വീകരിക്കുന്നതാകും ചര്‍ച്ചാ വിഷയം.
ബ്രാഞ്ച്, ഏരിയാ സമ്മേളനങ്ങളില്‍ നിന്ന് വിട്ടുനിന്ന രാജേന്ദ്രന് ജില്ലാ സമ്മേളനത്തിന് എത്തുമോ എന്നും കണ്ടറിയണം. ഭൂപ്രശ്നങ്ങളിലും മുല്ലപ്പെരിയാര്‍ വിഷയത്തിലും സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ചയുണ്ടാകും. തുടര്‍ഭരണം കിട്ടിയിട്ടും ഭൂപതിവ് ചട്ട ഭേദഗതിയില്ലാത്തതിന് കാരണം റവന്യുവകുപ്പും സിപിഐയുമാണെന്ന വിമര്‍ശനം ഏരിയാ സമ്മേളനങ്ങളില്‍ ഉയര്‍ന്നിരുന്നു.