ന്യൂയോര്‍ക്ക് : അമേരിക്കയിലെ ബ്രൂക്ക്ലിനിൽ നടന്ന വാക്കുതർക്കത്തിൽ 37 കാരനെ കുത്തിക്കൊന്നു. നന്ദി (താങ്ക് യു) പറയാത്തതിന്റെ പേരിലാണ് പ്രതിയും കൊല്ലപ്പെട്ടയാളും തമ്മിൽ തർക്കമുണ്ടാകുന്നത്. സ്മോക്ക് ഷോപ്പിലേക്ക് വന്ന പ്രതിക്ക് കൊല്ലപ്പെട്ടയാൾ വാതിൽ തുറന്ന് നൽകിയെങ്കിലും അയാൾ താങ്ക്സ് പറയാത്തതിൽ തുടങ്ങിയ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10.20 ഓടെയാണ് സംഭവം നടന്നത്.
നന്ദി പറയാത്തതാണ് കൊലപാതകകാരണമെന്ന് ദൃക്സാക്ഷിയായ, ഷോപ്പിലെ ജീവനക്കാരൻ ഖാരെഫ് അൽസെയ്ദി പറഞ്ഞു. ‘വാതിൽ തുറന്ന് നൽകിയതിന് നിങ്ങൾ എന്താണ് നന്ദി പറയാത്തത്’ എന്ന ചോദ്യത്തിന് ‘നിങ്ങളോട് ഞാൻ എനിക്കായി ഡോർ തുറന്ന് തരാൻ പറഞ്ഞില്ലല്ലോ’ എന്ന് പ്രതി തിരിച്ച് ചോദിച്ചു. ഇത് ഇവർക്കിടയിൽ വാക്കുതർക്കത്തിന് കാരണമായി. ഇത് പിന്നീട് കടയ്ക്ക് പുറത്തേക്ക് കയ്യാങ്കളിയായി നീങ്ങി. ധൈര്യമുണ്ടെങ്കിൽ തന്നെ കത്തികൊണ്ട് കുത്താൻ കൊല്ലപ്പെട്ടയാൾ പ്രതിയെ വെല്ലുവിളിച്ചു.
പ്രതി ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന തന്റെ സൈക്കിളിൽ നിന്ന് കത്തിയെടുത്ത് മറ്റേയാളുടെ വയറ്റിൽ കുത്തി. ഉടൻ തന്നെ ഇര, എന്നെ അയാൾ കുത്തിയെന്ന് ഉറക്കെ കരയാൻണ തുടങ്ങി. പിന്നാലെ കടയിലേക്ക് ഓടിക്കയറുകയും രക്തത്തിൽ കുളിച്ച് നിലത്ത് വീഴുകയുമായിരുന്നു. ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കത്തി താഴെയിടാനും പ്രശ്നം അവസാനിപ്പിക്കാനും ഇരുവരോടും ആവശ്യപ്പെട്ടെങ്കിലും രണ്ടാളും കേട്ടില്ലെന്നും ദൃക്സാക്ഷിയായ ഖാരെഫ് അൽസെയ്ദി പറഞ്ഞു.