തിരുവനന്തപുരം: കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഉന്നയിച്ച വാദങ്ങൾ പാടെ തള്ളിയാണ് രഹസ്യ വാദത്തിനൊടുവിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് വിധി പറഞ്ഞത്. വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നുമായിരുന്നു പ്രധാന ആരോപണം. ഈ ആരോപണം പരിശോധിച്ച കോടതി കഴമ്പില്ലെന്ന് വ്യക്തമാക്കി തള്ളുകയായിരുന്നു. 2019 ൽ പുറത്ത് വന്ന വോയിസ് ക്ലിപ്പിന് ആധികാരികത ഇല്ല എന്ന് കോടതി ചൂണ്ടിക്കാണിച്ചതോടെ വാദമുന ഒടിഞ്ഞു. ജഡ്‍ജിമാർ അവരുടെ ഡ്യൂട്ടി ചെയ്യട്ടെ, മാധ്യമങ്ങൾ ഇടപെടേണ്ടതില്ല എന്നും കൂടി വ്യക്തമാക്കിയാണ് അതിജീവിതയുടെ സുപ്രധാന നീക്കം കോടതി തള്ളിയത്. വിധി പറഞ്ഞത് സിംഗിൾ ബെഞ്ച് ആയതിനാൽ ഹൈക്കോടതിയിൽ തന്നെ അപ്പീൽ പോകാനുള്ള സാധ്യത അതീജിവിതയ്ക്ക് മുന്നിലുണ്ട്. എന്നാൽ ഉത്തരവ് പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നായിരുന്നു അതിജീവിതയുടെ അഭിഭാഷക പ്രതികരിച്ചത്.
ജഡ്‍ജി ഹണി എം.വർഗീസിന്റെ ആവശ്യം പരിഗണിച്ച്, കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ഈ മാസം ആദ്യം സുപ്രീംകോടതി അനുവദിച്ചിരുന്നു. അടുത്ത ജനുവരി 31വരെയാണ് സമയം അനുവദിച്ചത്. ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം.ത്രിവേദിയും ഉൾപ്പെട്ട ബെഞ്ചാണ് കൂടുതൽ സമയം വിചാരണ പൂർത്തിയാക്കാൻ അനുവദിച്ചത്. വിചാരണ സമയബന്ധിതമായി പൂർത്തിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ഉത്തരവിൽ കോടതി നിർദേശിച്ചിരുന്നു. വിചാരണ കോടതി ജഡ്‍ജിയെ മാറ്റുന്ന സാഹചര്യം ഉണ്ടായാൽ വിചാരണ നീളാൻ ഇടയുള്ളതും കോടതി പരിഗണിച്ചു.
കേസ് അതീവ പ്രാധാന്യമുള്ളതാണെന്നും ഉത്തരവ് വായിക്കുന്നതിനിടെ ബെഞ്ച് പരാമർശിച്ചിരുന്നു. വിചാരണയുടെ പുരോഗതി സംബന്ധിച്ച ഒരു റിപ്പോർട്ട് നാലാഴ്ചയ്ക്കകം നൽകാനും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.