കൊച്ചി : ഭാരത് ജോഡോ യാത്ര നടത്താനുള്ള അനുമതി സംബന്ധിച്ച വിശദാംശങ്ങൾ ഹാജരാക്കാൻ ഹർജിക്കാരനോട് ഹൈക്കോടതി . അനുമതി വ്യവസ്ഥകളടക്കമുള്ള വിവരങ്ങൾ സമർപ്പിക്കണം. പോലീസ് നൽകിയ അനുമതി ലംഘിച്ചോ എന്നതടക്കമുള്ള വിവരം അറിയിക്കണം.യാത്രയുടെ പേരിൽ റോഡിൽ ഗതാഗത സ്തംഭനം ഉണ്ടാക്കുകയാണെന്നും യാത്രക്കാരുടെ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെടണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹൈക്കോടതി അഭിഭാഷകനും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ വിജയൻ ആണ് ഹർജി നൽകിയത്. ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.
റോഡിലെ പ്രധാന ഭാഗം അപഹരിച്ചാണ് ഭാരത് ജോഡോ യാത്ര നടക്കുന്നത്. ഇതിന് പകരം റോഡിലെ ഒരു ഭാഗം മാത്രം യാത്രയ്ക്ക് വിട്ട് നൽകി മറ്റ് വഴികളിലൂടെ ഗതാഗതം സുഗമമാക്കാൻ നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. യാത്രയ്ക്ക് സുരക്ഷ ഒരുക്കുന്ന പൊലീസുകാർക്ക് പണം ഈടാക്കാനുള്ള നിർദ്ദേശം നൽകണമെന്നും ഹർജിയിലുണ്ട്. രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡന്‍റ് അടക്കമുള്ളവരെ എതിർ കക്ഷിയാക്കിയുള്ള ഹർജി നല്‍കിയിരിക്കുന്നത്.
അതേസമയം, ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും. രാവിലെ ആറരയ്ക്ക് ആലുവ ദേശത്ത് നിന്നാണ് യാത്ര തുടങ്ങുന്നത്. പത്തരയോടെ കറുകുറ്റിയിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് അങ്കമാലിയിൽ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. പദയാത്രയ്ക്കിടെ രാഹുലിന്‍റെ ആദ്യ വാർത്താ സമ്മേളനമാണിത്. ഇതിനുശേഷം വിവിധ മേഖലകളിലുളളവരുമായി കൂടിക്കാഴ്ച. തുടർന്ന് യാത്ര തൃശൂർ ജില്ലയിലേക്ക് പ്രവേശിക്കും. പദയാത്രയുടെ ഭാഗമായി ആലുവ, അങ്കമാലി മേഖലകളിൽ രാവിലെ മുതൽ തന്നെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.