തിരുവനന്തപുരം ∙ വിഴിഞ്ഞം സമരസമിതിയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. മന്ത്രിതല ഉപസമിതിയാണ് ഇത്തവണ ചർച്ച നടത്തുക. ഇതു സംബന്ധിച്ച് സർക്കാർ സമരക്കാർക്ക് കത്തു നൽകി. വെള്ളിയാഴ്ച രാവിലെ 11ന് ഗസ്റ്റ് ഹൗസിലാണ് ചർച്ച. നേരത്തെ ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാൻ സമരക്കാരുമായി ചർച്ച നടത്തിയിരുന്നു.
രാജ്യാന്തര തുറമുഖ നിർമാണത്തെ തുടർന്നുണ്ടാകുന്ന തീരശോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് 38 ദിവസമായി തിരുവനന്തപുരം ലത്തീൻ അതിരൂപത നേതൃത്വത്തിൽ രാപകൽ സമരം നടക്കുകയാണ്. കഴിഞ്ഞ ദിവസം സമരക്കാരുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
തുറമുഖ നിർമാണത്തിലെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഗവർണർ ഉറപ്പു നൽകിയതായി ലത്തീൻ രൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര അറിയിച്ചിരുന്നു.