ദില്ലി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ ഭരണഘടന ഭേദഗതി ചെയ്യുന്നതിനും ഇലക്ടറൽ കോളേജ് തയ്യാറാക്കുന്നതിനുമായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എൽ നാഗേശ്വര റാവുവിനെ സുപ്രീംകോടതി നിയോഗിച്ചു. വ്യാഴാഴ്ച കേസ് പരിഗണിച്ച സുപ്രീംകോടതി എൽ നാഗേശ്വര റാവുവിനെ ഇതിനായി നിയമിച്ചത്.
രാജ്യത്തെ ഒളിമ്പിക്‌സ് അസോയിയേഷന്‍റെ ഭാവിയിൽ നീതിയുക്തവും വികസനോന്മുഖവുമായ സമീപനം മുൻ സുപ്രീം കോടതി ജഡ്ജി ഉറപ്പാക്കുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഭരണഘടന ഭേദഗതി ചെയ്യുന്നതിനും 2022 ഡിസംബർ 15-നകം തിരഞ്ഞെടുപ്പ് നടത്തുന്നതിനുമുള്ള റോഡ് മാപ്പ് തയ്യാറാക്കാൻ ജസ്റ്റിസ് റാവുവിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
നിലവിൽ ഐഒഎയുടെ സെക്രട്ടറി ജനറലായ രാജീവ് മേത്തയ്ക്കും ഐഒഎ വൈസ് പ്രസിഡന്റ് ആദിൽ സുമാരിവാലയ്ക്കും സെപ്തംബർ 27ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്.
യോഗത്തില്‍ പങ്കെടുക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും, ചിലവും യുവജനകാര്യ, കായിക മന്ത്രാലയം ലഭ്യമാക്കാണമെന്നും, ഐഒഎ ഈ പണം പിന്നീട് സര്‍ക്കാറിന് തിരികെ നൽകണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ഹിമ കോഹ്‌ലിയും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.
സെപ്തംബർ 8 ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് ഭരണപ്രശ്നങ്ങൾ പരിഹരിച്ച് ഡിസംബറോടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് നടപ്പിലായില്ലെങ്കില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഇന്ത്യയെ ലോക കായിക വേദിയില്‍ നിന്നും നിരോധിച്ചേക്കും. ഈ വെളിച്ചത്തിലാണ് സുപ്രീംകോടതി ഇടപെടല്‍.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായി നരീന്ദർ ബത്രയെ പുറത്താക്കിയതിന് ശേഷം സ്വിറ്റ്‌സർലൻഡിലെ ലൊസാനിൽ ചേർന്ന ഐഒസിയുടെ എക്‌സിക്യൂട്ടീവ് ബോർഡ്. ആക്ടിംഗ് / ഇടക്കാല പ്രസിഡന്റിനെ അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും സെക്രട്ടറി ജനറൽ രാജീവ് മേത്തയെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു.