ഓൺലൈൻ പ്ലാറ്റ്ഫോമിലെ തെറ്റായ വിവരങ്ങൾ സംബന്ധിച്ച പഠനം നടത്തുന്നവര്‌ക്ക് സഹായവുമായി ട്വിറ്റർ. പഠനത്തിനാവശ്യമായി കൂടുതൽ ഡാറ്റ നൽകാനാണ് ട്വിറ്ററിന്റെ പദ്ധതി. പ്ലാറ്റ്ഫോമിലെ സുതാര്യത വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്ന് ട്വിറ്ററ്‍ അറിയിച്ചു. ഈ വർഷമാദ്യം ട്വിറ്റർ പൈലറ്റ് മോഡിൽ രൂപീകരിച്ചിരുന്നു. ഇനിയിപ്പോൾ ഡാറ്റാസെറ്റുകളിലേക്ക് ആക്‌സസ് ഉള്ള ട്വിറ്റർ മോഡറേഷൻ റിസർച്ച് കൺസോർഷ്യത്തിൽ ചേരാൻ അക്കാദമിക്, സിവിൽ സൊസൈറ്റി, ജേണലിസം എന്നിവയിൽ പ്രവർത്തിക്കുന്ന കൂടുതൽ ആളുകളെ അനുവദിക്കുന്നതിനുളള നീക്കവും വൈകാതെ ആരംഭിക്കും.
സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലെ തെറ്റായ ഉള്ളടക്കത്തെ കുറിച്ച് ഗവേഷകർ വർഷങ്ങളായി പഠിക്കുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയ കമ്പനികളിൽ നിന്ന് നേരിട്ട് പഠനങ്ങൾ നടത്താതെയാണ് അവർ അത് ചെയ്തുകൊണ്ടിരുന്നത്. റിപ്പോർട്ടർമാരുമായുള്ള ഒരു ബ്രീഫിംഗിലാണ് തെറ്റായ വിവരങ്ങൾക്കെതിരെയുള്ള പ്രവർത്തനത്തെ കുറിച്ചറിയാൻ കൂടുതൽ ഡാറ്റകൾ സഹായിക്കുമെന്ന് ട്വിറ്റർ പറഞ്ഞത്. ട്വിറ്ററിലെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനായി വിദേശ ഗവൺമെന്റുകളുടെ പിന്തുണയുള്ള ഏകോപിത ശ്രമങ്ങളെ കുറിച്ച് ട്വിറ്റർ ഇതിനകം തന്നെ ഗവേഷകരുമായി പങ്കുവെച്ചു.
തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുള്ളതായി ലേബൽ ചെയ്ത ട്വീറ്റുകൾ പോലുള്ളവയുടെ വിവരങ്ങൾ പങ്കിടാൻ ഇപ്പോൾ പദ്ധതിയിടുന്നതായും കമ്പനി അറിയിച്ചു. ഉപയോക്താക്കൾ ഫോളോ ചെയ്യാത്ത അക്കൗണ്ടുകളിൽ നിന്നുള്ള പോസ്റ്റുകൾ എങ്ങനെ റെക്കമൻഡ് ചെയ്യപ്പെടുന്നുവെന്ന് ഈ ആഴ്ച ആദ്യം ട്വിറ്റർ പ്രഖ്യാപിച്ചിരുന്നു.
“ദശലക്ഷക്കണക്കിന് ആളുകൾ ദിവസവും ട്വിറ്ററിൽ സൈൻ അപ്പ് ചെയ്യുന്നതിനാൽ, എല്ലാവർക്കും താൽപ്പര്യമുള്ള അക്കൗണ്ടുകളുമായും വിഷയങ്ങളുമായും കണക്റ്റുചെയ്യുന്നത് എളുപ്പമായിരിക്കുമെന്നും” ട്വിറ്റർ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.ഡവലപ്പ്മെന്റിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് അവരുടെ ടൈംലൈനുകളിൽ കാണാൻ ആഗ്രഹമില്ലാത്ത, എന്നാൽ റെക്കമൻഡ് ചെയ്യുന്ന ട്വീറ്റുകൾ നീക്കം ചെയ്യാൻ ഉപയോഗിക്കാവുന്ന “X” ടൂളും ട്വിറ്റർ പരീക്ഷിക്കുന്നുണ്ട്.
2023 അവസാനത്തോടെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഉപയോക്താക്കളുടെ ഫീഡുകൾ നിറയ്ക്കുന്ന റെക്കമൻഡഡ് ഉള്ളടക്കത്തിന്റെ ശതമാനം ഇരട്ടിയാക്കാൻ പദ്ധതിയിടുന്നതായി ട്വിറ്ററിന്റെ എതിരാളി മെറ്റാ പ്ലാറ്റ്‌ഫോമുകൾ ജൂലൈയിൽ തന്നെ വെളിപ്പെടുത്തിയിരുന്നു.