തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 3 ദിവസത്തേക്കാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതി ഉപയോഗിച്ച വാഹനം, സ്ഫോടക വസ്തു വാങ്ങിയ സ്ഥലം എന്നിവ കണ്ടെത്താനായി അഞ്ചുദിവസം കസ്റ്റഡിൽ വിടണമെന്നാണു പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പ്രതിഭാഗം ഒരു ദിവസം കസ്റ്റഡിയിൽ വിട്ടാൽമതിയെന്നാണ് കോടതിയോട് ആവശ്യപ്പെട്ടത്. ജിതിന്റെ ജാമ്യാപേക്ഷ ഈ മാസം 27ന് പരിഗണിക്കും.
അതേസമയം, പൊലീസ് ബലം പ്രയോഗിച്ചു കുറ്റം സമ്മതിപ്പിച്ചതാണെന്നു ജിതിൻ പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ജിതിൻ ഇക്കാര്യം മാധ്യമങ്ങളോടു വ്യക്തമാക്കിയത്. കഞ്ചാവുകേസില്‍ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. താൻ കുറ്റം ചെയ്തിട്ടില്ല. തെളിവുകൾ പൊലീസ് ഉണ്ടാക്കിയതാണ്. തന്റെ കൂടെയുള്ളവരെ പലരെയും കേസിലുൾപ്പെടുത്തുമെന്ന് പറഞ്ഞുവെന്നും ജിതിൻ പറഞ്ഞു.വ്യാഴാഴ്ചയാണ് ജിതിനെ ക്രൈംബ്രാഞ്ച് മൺവിളയിലെ വീട്ടിൽനിന്നു പിടികൂടിയത്. തുടര്‍ന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. ജൂണ്‍ 30ന് രാത്രിയാണ് സ്‌കൂട്ടറില്‍ എത്തിയ അക്രമി എകെജി സെന്ററില്‍ സ്‌ഫോടകവസ്തു എറിഞ്ഞത്. സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പടെ നിരവധി നേതാക്കള്‍ എകെജി സെന്ററില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം.