അബുദാബി: വീണുകിട്ടുന്ന സാധനങ്ങള്‍ സ്വന്തമാക്കുന്നതിന് യുഎഇയില്‍ കനത്ത ശിക്ഷ ലഭിക്കുമെന്ന് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. തനിക്ക് അവകാശമില്ലാത്ത ഏതൊരു വസ്‍തുവും സ്വന്തമാക്കുകയോ അത് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ സൂക്ഷിക്കുകയോ ചെയ്യുന്നവര്‍ യുഎഇയിലെ നിയമപ്രകാരം ശിക്ഷിക്കപ്പെടാന്‍ അര്‍ഹരാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അധികൃതര്‍ അറിയിച്ചു.
യുഎഇയില്‍ 2021ലെ 31-ാം ഫെഡറല്‍ ഉത്തരവ് പ്രകാരം, വീണുകിട്ടുന്ന സാധനങ്ങള്‍ സ്വന്തമാക്കിയാല്‍ ഇരുപതിനായിരം ദിര്‍ഹത്തില്‍ കുറയാത്ത (നാല് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴയും രണ്ട് വര്‍ഷത്തില്‍ കവിയാത്ത ജയില്‍ ശിക്ഷയും ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിലോ ലഭിക്കുന്നതോ അല്ലെങ്കില്‍ വീണുകിട്ടുന്നതോ ആയ സാധനങ്ങളോ പണമോ 48 മണിക്കൂറിനകം പൊലീസിന് കൈമാറുകയും അവയുടെ മേല്‍ അവകാശം സ്ഥാപിക്കാതിരിക്കുകയും വേണമെന്നാണ് നിയമം. അല്ലാത്തപക്ഷം അത്തരം പ്രവൃത്തികള്‍ക്ക് രാജ്യത്ത് നിയമപരമായ പ്രത്യാഘാതമുണ്ടാകും. എന്തെങ്കിലും അപകടങ്ങളോ അല്ലെങ്കില്‍ പ്രകൃതി ദുരന്തങ്ങളോ ഉണ്ടാവുമ്പോള്‍ അവിടെ നിന്ന് ലഭിക്കുന്ന സാധനങ്ങള്‍ കൈവശപ്പെടുത്തുന്നത് കുറ്റകൃത്യമാണെന്നും അതിന് നിയമ പ്രകാരമുള്ള ശിക്ഷ ലഭിക്കുമെന്നും യുഎഇ പ്രോസിക്യൂഷന്‍ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.