ദുബൈ: ഗൾഫ് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ അടിസ്ഥാന പലിശ നിരക്ക് വർധിപ്പിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ മുക്കാൽ ശതമാനവും കുവൈത്ത് കാൽ ശതമാനവുമാണ് നിരക്ക് വർധിപ്പിച്ചത്.
യു.എസ് ഫെഡറൽ റിസർവ് തുടര്‍ച്ചയായ മൂന്നാം തവണയും പലിശ നിരക്ക് വർധിപ്പിച്ചതിനെ തുടർന്നാണ് ഗൾഫ് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളും ആനുപാതികമായി പലിശ നിരക്ക് വര്‍ധിപ്പിച്ചത്. ഗൾഫ് കറൻസികളുടെ മൂല്യം യുഎസ് ഡോളറുമായി ബന്ധപ്പെടുത്തിയിട്ടുള്ളതിനാലാണ് ഇപ്പോള്‍ പലിശ നിരക്ക് ഉയര്‍ത്തേണ്ടി വന്നത്. ആഗോള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സാമ്പത്തിക സ്ഥിരത നിലനിര്‍ത്താനുള്ള നടപടിയായാണ് പലിശ നിരക്ക് വര്‍ധിപ്പിച്ചതിനെ സൗദി വിശേഷിപ്പിച്ചത്. മുക്കാൽ ശതമാനമാണ് സൗദി സെൻട്രൽ ബാങ് പലിശ നിരക്ക് കൂട്ടിയത്. ഇതോടെ രാജ്യത്തെ റിപ്പോ നിരക്ക് 3.75 ശതമാനത്തിലെത്തി.
യുഎഇ സെൻട്രൽ ബാങ്കും പലിശ നിരക്ക് മുക്കാൽ ശതമാനം വര്‍ധിപ്പിച്ചു. യുഎഇയിലെ പുതുക്കിയ നിരക്ക് 3.15 ശതമാനമാണ്. സൗദിക്കും യുഎഇയ്ക്കും സമാനമായി ബഹ്റൈനും മുക്കാൽ ശതമാനം പലിശ നിരക്ക് വര്‍ധിപ്പിച്ചു. ഇതോടെ ബഹ്റൈനിൽ നാലു ശതമാനമായി പലിശ നിരക്ക്. ഖത്തറിൽ പലിശ നിരക്ക് 3.75 ശതമാനത്തിൽ നിന്ന് നാലര ശതമാനത്തിലേക്കാണ് വര്‍ധിച്ചത്. അതേസമയം കുവൈത്ത് സെൻട്രൽ ബാങ്ക് കാൽ ശതമാനം മാത്രമാണ് നിരക്ക് കൂട്ടിയിരിക്കുന്നത്. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ ഇതോടെ ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് കൂടും. എന്നാൽ വായ്പകൾക്കും കൂടുതൽ പലിശ കൊടുക്കേണ്ടിവരുമെന്ന് സാമ്പത്തിക വിദഗ്ധർ സൂചിപ്പിച്ചു.