ഋഷികേശ് : ഉത്തരാഖണ്ഡിൽ വനിതാ റിസോർട്ട് റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തി കനാലിലെറിഞ്ഞ കേസിലെ മുഖ്യപ്രതിയായ മകൻ പുൾകിത് ആര്യയെ ന്യായീകരിച്ച് മുൻ ബിജെപി നേതാവ് വിനോദ് ആര്യ. പുൾകിത് ആര്യയ്‌ക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച വിനോദ്, തന്റെ മകൻ നിരപരാധിയാണെന്ന് അവകാശപ്പെട്ടു.‘‘പുൾകിത് ആര്യ ‘എളിയ മനുഷ്യൻ’ (സീധ സാധ ബാലക്) ആണ്. അവൻ അവന്റെ ജോലിയിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. എന്റെ മകനും കൊല്ലപ്പെട്ട പെൺകുട്ടിക്കും നീതി ലഭിക്കണം. അവൻ ഒരിക്കലും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടില്ല. പുൾകിത് ഏറെക്കാലമായി ഞങ്ങളിൽനിന്ന് അകന്നാണ് താമസിക്കുന്നത്’’– അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിനു പിന്നാലെ, വിനോദ് ആര്യയെയും മറ്റൊരു മകനും യുവ നേതാവുമായ അങ്കിത് ആര്യയെയും ബിജെപിയിൽനിന്ന് പുറത്താക്കിയിരുന്നു. ഭോഗ്പുരിലെ റിസോർട്ടിൽനിന്ന് കഴിഞ്ഞ 18നു കാണാതായ അങ്കിത ഭണ്ഡാരിയുടെ (19) മൃതദേഹം ശനിയാഴ്ച രാവിലെയാണ് ഋഷികേശിലെ ചീ കനാലിൽനിന്ന് കണ്ടെടുത്തത്.
പുൾകിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. പുൾകിത്, റിസോർട്ട് മാനേജർ സൗരഭ് ഭാസ്കർ, അസി. മാനേജർ അങ്കിത് ഗുപ്ത എന്നിവർ അറസ്റ്റിലായി.