ജയ്പുർ∙ രാജസ്ഥാനിൽ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് തിരക്കിട്ട ചർച്ചകളും നീക്കങ്ങളും. സച്ചിൽ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഹൈക്കമാൻഡ് തീരുമാനമെങ്കിലും ഇതിനെതിരെ അശോക് ഗെലോട്ട് പക്ഷം ശക്തമായി രംഗത്തുണ്ട്. ഗെലോട്ട് പക്ഷത്തെ എംഎൽഎമാരും സച്ചിൻ പക്ഷത്തെ എംഎൽഎമാരും പ്രത്യേകം യോഗം ചേർന്നതിനാൽ ഏഴു മണിക്കു തുടങ്ങേണ്ട നിയമസഭാകക്ഷിയോഗം അൽപസമയത്തിനകമേ തുടങ്ങൂ. അതിനിടെ സച്ചിൻ പൈലറ്റ് അശോക് ഗെലോട്ടിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കാണുമെന്നാണ് വിവരം.
ഗെലോട്ടിന്റെ അടുത്ത അനുയായിയും എംഎൽഎയുമായ ശാന്തി ധരവാളിന്റെ വസതിയിൽ ഇന്നു വൈകിട്ട് യോഗം ചേർന്നിരുന്നു. 2020ൽ സച്ചിൻ പൈലറ്റും അദ്ദേഹത്തിന്റെ 18 വിശ്വസ്തരും ചേർന്ന് വിമതനീക്കം നടത്തിയപ്പോൾ സർക്കാരിനെ പിന്തുണച്ച 102 എംഎൽഎമാരിൽ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന് ഗെലോട്ട് പക്ഷത്തെ എഴുപതോളം എംഎൽഎമാർ ഐകകണ്ഠമായി തീരുമാനിച്ചതായാണ് റിപ്പോർട്ട്. ഇവിടുത്തെ യോഗത്തിനു ശേഷം നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കുന്നതിനായി ഇവർ ഗെലോട്ടിന്റെ വസതിയിലേക്കു തിരിച്ചു.
എഐസിസി നിരീക്ഷകൻ മല്ലികാർജുൻ ഖാർഗെ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അജയ് മാക്കൻ എന്നിവരുടെ നേതൃത്വത്തിലാകും യോഗം. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള നടപടി ഗെലോട്ട് ആരംഭിച്ചിരുന്നു. ഹൈക്കമാൻഡ് നിർദേശപ്രകാരം മത്സരിക്കുന്ന അശോക് ഗെലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പത്രിക സമർപ്പിക്കണമെന്നാണ് സച്ചിൻ ക്യാംപിന്റെ ആവശ്യം. എന്നാൽ താൻ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഗെലോട്ട് ഉന്നയിച്ചു. അതേസമയം, 2018ൽ ഭരണം പിടിക്കാൻ മുന്നിൽ നിന്ന സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഹൈക്കമാൻഡ് നിലപാട്.