റോം: ഇറ്റലിയിൽ തീവ്ര വലതുപക്ഷ പാർട്ടി അധികാരത്തിലേക്ക്. തീവ്ര വലതുപക്ഷ നേതാവ് ജോർജിയ മെലോണി ഇറ്റാലിയൻ പ്രധാനമന്ത്രിയാകുമെന്ന് എക്സിറ്റ് പോളുകൾ. ഫലം ഇന്ന് വൈകുന്നേരത്തോടെ അറിയാം. 22 മുതൽ 26 വരെ ശതമാനം വോട്ടുകൾ നേടിമെലോണി വിജയിക്കുമെന്നാണ് പ്രവചനം. തീവ്ര വലതുപക്ഷ നിലപാടുകാരിയായ മെലോണി വിജയിച്ചാൽ അത് യൂറോപ്യൻ യൂണിയന്‍റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കും.
രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ആദ്യമായിട്ടാകും ഇറ്റലി ഒരു മദ്ധ്യ-വലതുപക്ഷ സർക്കാരിന് അനുകൂലമായി വിധിയെഴുതുന്നത്. 2012 ലാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി രൂപീകരിച്ചത്. 2018 ലെ തെരഞ്ഞെടുപ്പിൽ നാല് ശതമാനം വോട്ടുകൾ മാത്രമാണ് മെലോണിയുടെ പാർട്ടി നേടിയത്. എന്നാൽ അതിന് ശേഷം പ്രതിപക്ഷ നിരയിലെ ശക്തമായ പ്രവർത്തനത്തിലൂടെ പാര്‍ട്ടിക്ക് കൂടുതല്‍ വേരോട്ടമുണ്ടാക്കാന്‍ ജോർജിയ മെലോണിക്കും അനുനായികള്‍ക്കും സാധിച്ചു.
ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടിക്ക് ഇരുസഭകളുടെയും സെനറ്റിന്റെയും ചേംബർ ഓഫ് ഡെപ്യൂട്ടീസിന്റെയും നിയന്ത്രണം നേടാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. സെനറ്റിലെ നാലിലൊന്ന് വോട്ടുകൾ അവർ നേടുമെന്നാണ് പ്രവചനം. ‘ഇത് ഒരു തുടക്കമാണ്, ഫിനിഷ് ലൈനല്ല’ എന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങളോട് മെലോണിയുടെ പ്രതികരണം. അതേസമയം മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ പാർട്ടിയായ ഫോർസ ഇറ്റാലിയ 7.9 ശതമാനം വോട്ടും തീവ്ര വലതുപക്ഷ ലീഗിലെ മാറ്റിയോ സാൽവിനി 8.8 ശതമാനം വോട്ടും നേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം.