അമരാവതി : തെലങ്കാനയിൽ തൊഴിലില്ലായ്മാ വേതനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു. സംസ്ഥാനത്തു തൊഴിൽ ഇല്ലാത്ത എല്ലാ യുവതീയുവാക്കൾക്കും പ്രതിമാസം 3,016 രൂപ നൽകുമെന്നാണ് റിപ്പോർട്ട്. ഈ വർഷം ഏപ്രിൽ മുതൽ ഈ തുക വിതരണം ചെയ്യുമെന്നാണ് സൂചന. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് തൊഴിൽരഹിതർക്ക് വേതനം നൽകുമെന്ന് ടിആർഎസ് പ്രഖ്യാപിച്ചത്. അധികാരത്തിലെത്തി മൂന്നുവർഷം കഴിഞ്ഞാണ് വാഗ്ദാനം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നു.
സംസ്ഥാനത്ത് തൊഴിലവസരങ്ങൾ കുറയുന്നതിൽ പ്രതിഷേധിച്ച് യുവാക്കൾ രംഗത്തെത്തിയിരുന്നു. 29 ലക്ഷത്തോളം യുവജനങ്ങളാണ് തെലങ്കാന സർക്കാർ സൈറ്റിൽ ജോലിക്കായി അപേക്ഷിച്ചത്. എംപ്ലോയ്‌മെന്റ് ഓഫിസിൽ 10 ലക്ഷത്തോളം പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം ജോലിക്കായി അപേക്ഷിച്ചവരിൽ അധികവും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണെന്ന് സർക്കാർ പറഞ്ഞു. ‘തൊഴിലില്ലായ്മാ വേതനം’ ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കുന്നതിൽ വന്ന കാലതാമസം വിതരണം വൈകിപ്പിച്ചെന്നാണു സർക്കാർ വിശദീകരണം.