തിരുവനന്തപുരം: സംസ്ഥാനത്തെ 380ഓളം പേരെ വധിക്കാനായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നോട്ടമിട്ടിരുന്നതായി വിവരം. ശ്രീനിവാസൻ വധക്കേസിൽ അറസ്റ്റിലായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളിൽ നിന്നാണ് ഹിറ്റ് ലിസ്റ്റ് സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. ശ്രീനിവാസൻ കൊലക്കേസിൽ ഒരാഴ്ച മുൻപാണ് പോപ്പുലർഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബുബക്കർ സിദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തതത്. പിഎഫ്ഐ മലപ്പുറം തിരൂര്‍ മേഖല നേതാവ് സിറാജുദ്ദീനേയും കേസിൽ പൊലീസ് പിടികൂടിയിരുന്നു. ഇരുവരുടേയും ലാപ്പ്ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചപ്പോൾ ആണ് ഹിറ്റ് ലിസ്റ്റിലേക്ക് എത്തിയത്.
സിറാജുദ്ദീനിൽ നിന്നും കണ്ടെത്തിയ പട്ടികയിൽ 378 പേരുകളാണുള്ളത്. പാലക്കാട് ജില്ലാ സെക്രട്ടറി അബുബക്കർ സിദിഖിന്റെ ലാപ് ടോപ്പിൽ നിന്നും ലഭിച്ചത് 380 പേരുടെ ചിത്രങ്ങളാണ്. ഹിറ്റ്ലിസ്റ്റിൽ ഒരു സിഐയും ഒരു സിവിൽ പൊലീസ് ഓഫീസറും അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. എൻഐഎയുടെ രഹസ്യ റെയ്ഡിന് മുൻപേ തന്നെ ഈ വിവരങ്ങൾ പൊലീസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിരുന്നു.
അതേസമയം പിഎഫ്ഐയെ നിരോധിച്ചതിന് പിന്നാലെ സംഘടനയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൻ്റെ പേര് മാറ്റി. മാധ്യമങ്ങൾക്ക് സംഘടനാ അറിയിപ്പുകൾ കൈമാറാനുള്ള പിഎഫ്ഐ പ്രസ് റിലീസ് എന്ന ഗ്രൂപ്പിൻ്റെ പേരാണ് പ്രസ് റിലീസ് എന്ന് മാറ്റിയത്. സംഘടനയുടെ വെബ്സൈറ്റുകളും നിരോധനത്തിന് പിന്നാലെ പ്രവർത്തനരഹിതമായിട്ടുണ്ട്.