തിരുവനന്തപുരം : കൗമാരക്കാര്‍ക്കുള്ള വാക്സിനേഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. നിലവില്‍ സ്റ്റോക്കുള്ള വാക്‌സിന്‍ നല്‍കുമെന്നും ശേഷം കൂടുതല്‍ സ്റ്റോക്ക് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്‍ ലഭിക്കുന്നതിന് അനുസരിച്ച് ജില്ലകളിലേക്ക് അത് വിതരണം ചെയ്യും. ഇതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ ജില്ലകള്‍ക്കും നല്‍കിയിട്ടുണ്ട്. കൂടാതെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികളിലും സിഎച്ചിസികളിലും കുട്ടികള്‍ക്കുള്ള വാക്സിനേഷനുണ്ടായിരിക്കും.
എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ നാല് ദിവസങ്ങളില്‍ കുട്ടികളുടെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. വാക്സിന്റെ ലഭ്യതയനുസരിച്ച് 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കം.