റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ (വ്യാഴം) തുടക്കം. റിയാദ് എയർപോർട്ട് റോഡിലെ റിയാദ് ഫ്രണ്ട് കൺവെൻഷൻ സെൻററിലാണ് മേള. 32 രാജ്യങ്ങളിൽനിന്ന് 900 പ്രസാധകരാണ് പുസ്തകങ്ങളുമായി എത്തുന്നത്. കേരളത്തിൽനിന്ന് നാല് പ്രസാധകരുണ്ട്.
ഡി.സി, ഹരിതം, പൂർണ, ഒലിവ് എന്നീ നാല് പ്രമുഖ പ്രസാധകരാണ് നേരിട്ട് പങ്കെടുക്കുന്നത്. ഒക്ടോബർ എട്ട് വരെ 10 ദിവസമാണ് മേള. എല്ലാദിവസവും രാവിലെ 11 മുതൽ അർധരാത്രി 12വരെയാണ് പുസ്തകമേള. പ്രശസ്ത എഴുത്തുകാരും മേളയിൽ എത്തുന്നുണ്ട്. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, എൻ.പി. ഹാഫിസ് മുഹമ്മദ്, എം.കെ. മുനീർ എം.എൽ.എ എന്നിവർ ഒക്ടോബർ രണ്ടിനും മൂന്നിനുമായി എത്തും.
റിയാദിലെ എഴുത്തുകാരായ ജോസഫ് അതിരുങ്കൽ, സബീന എം. സാലി, നിഖില സമീർ, കാമർബാനു വലിയത്തു തുടങ്ങിയവരുടെ പുസ്തകങ്ങൾ മേളയിൽ പ്രകാശനം ചെയ്യും. റിയാദ് അന്താരാഷ്‌ട്ര പുസ്തകമേളയിൽ ആദ്യമായാണ് മലയാള പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെടുന്നത്.