അമ്പലപ്പുഴ: മത്സ്യത്തൊഴിലാളിയായിരുന്ന സി പി എം പ്രാദേശിക നേതാവിനെ കാണാതായിട്ട് വ്യാഴാഴ്ച ഒരു വർഷം പൂർത്തിയാകുന്നു. ഇത്രയും കാലമായിട്ടും കെ സജീവനെന്ന നേതാവിനെക്കുറിച്ച് ഒരറിവും ആർക്കുമില്ലെന്നതാണ് സത്യം. കേസന്വേഷണവും ഏറക്കുറെ നിലച്ച മട്ടിലായിട്ട് കാലം കുറേയായി. അപ്പോഴും സജീവൻ എവിടെയാണെന്ന ചോദ്യം അവസാനിക്കുന്നില്ല. ഇക്കാലയളവിൽ കുടുംബം നേരിട്ടതും ഏറെ വേദനകളാണ്. ഏകമകന്റെ തിരോധാനത്തില്‍ മനംനൊന്തുകഴിഞ്ഞിരുന്ന മാതാവ് ഇക്കഴിഞ്ഞ ആഗസ്റ്റിൽ മരിച്ചിരുന്നു. മാതാവിന്റെ മരണാനന്തര കര്‍മങ്ങള്‍ ചെയ്യേണ്ട മകന് എത്തുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാരും ബന്ധുക്കളും. എന്നാൽ മകൻ എത്തിയില്ല. പൊലീസ് അന്വേഷണത്തിലും ദുരൂഹത ഒഴിഞ്ഞിട്ടില്ല.
തോട്ടപ്പള്ളി പൊരിയെന്റെ പറമ്പിൽ കെ സജീവനെ കഴിഞ്ഞ സെപ്റ്റംബർ 29 നാണ് കാണാതായത്. മത്സ്യബന്ധന ബോട്ടില്‍ ജോലിക്കുപോയ സജീവൻ ഭാര്യ സജിത വിളിച്ചതനുസരിച്ച് തിരികെ പോന്നെങ്കിലും വീട്ടില്‍ എത്തിയില്ല. സജിതയുടെ കുടുംബവീടായ പുത്തന്നടയില്നിന്ന് ഓട്ടോയിൽ തോട്ടപ്പള്ളി ജംഗ്ഷനില്‍ വന്നിറങ്ങുന്നത് കണ്ടവരുണ്ട്. എന്നാല്‍, സജിതയുടെ വീട്ടില്‍ ചെന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടില്‍നിന്ന് പുറപ്പെടുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രമല്ല തോട്ടപ്പള്ളിയില്‍ വന്നിറങ്ങുമ്പോള്‍ അണിഞ്ഞിരുന്നത്. പുത്തന്നടയില്നിന്ന് സജീവന് വസ്ത്രം മാറാൻ നല്‍കിയത് ആരാണെന്ന സംശയം നിലനില്ക്കുന്നു.
അമ്പലപ്പുഴ പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. ഡോഗ് സ്ക്വാഡും പരിശോധന നടത്തി. തോട്ടപ്പള്ളി പൂത്തോപ്പ് സി പി എം ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെയാണ് ബ്രാഞ്ച് അംഗമായ സജീവനെ കാണാതായത്. വി എസ് പക്ഷക്കാരനായിരുന്ന സജീവനെ വിഭാഗീതയുടെ പേരില്‍ ഒളിപ്പിച്ചതാകാമെന്നാണ് ബന്ധുക്കളടക്കം സംശയിച്ചത്. ഭാര്യ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജിയും നൽകി. പൊഴിയിൽപെട്ട് കാണാതായതാകാമെന്നാണ് അന്വേഷണ സംഘം കോടതിയിൽ മറുപടി നൽകിയത്. ഈ മറുപടിയോടെ കേസ് അന്വേഷണം പൊലീസ് ഏതാണ്ട് അവസാനിപ്പിച്ചിരിക്കുകയാണ്. ഒരു വർഷം കഴിയുമ്പോഴും സജീവൻ എവിടെയെന്ന ചോദ്യം ബാക്കി.