തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സര്‍വ്വെ പുനഃരാരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കേന്ദ്രാനുമതിയോ സാമൂഹ്യ ആഘാത പഠനത്തിനുള്ള അനുവാദമോ വിശദമായ പദ്ധതി രേഖയോ ഒന്നും ലഭ്യമാകാത്ത സാഹചര്യത്തില്‍ ഏകപക്ഷീയമായി സര്‍വ്വെ പുനഃരാരംഭിക്കാനുള്ള നീക്കം ജനങ്ങളെ കൂടുതല്‍ പ്രകോപിപ്പിക്കാനും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനും വഴിയൊരുക്കുമെന്ന് ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നല്‍കി.
ഇതു സംബന്ധിച്ച കേസുകള്‍ പരിഗണിക്കവെ, വിശദ പദ്ധതി രേഖയ്ക്ക് ഇതുവരെ കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ സാമൂഹ്യ ആഘാത പഠനവും സര്‍വ്വെയും എന്തിനാണെന്നും പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റാന്‍ കേന്ദ്രം ആവശ്യപ്പെട്ടാല്‍ ഇതെല്ലാം വെറുതെയാവില്ലെയെന്നും കേരള ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ വളരെ പ്രസക്തമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നടപടി ക്രമങ്ങള്‍ പാലിക്കാതെയും അനവസരത്തിലും സര്‍ക്കാര്‍ തുടങ്ങിയ സര്‍വ്വെക്കെതിരേ വസ്തുവകകള്‍ സംരക്ഷിക്കാന്‍ ജനങ്ങള്‍ സ്വയം നടത്തിയ സമരം മൂലം ഉണ്ടായ എല്ലാ കേസുകളും പിന്‍വലിക്കാനും ജനങ്ങളെ ബുദ്ധിമുട്ടിച്ചതിന് മാപ്പു ചോദിക്കാനും സര്‍ക്കാര്‍ തയാറാകണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
സില്‍വർ ലൈൻ സർവ്വേയിൽ സർക്കാറിനെയും കെ റയിൽ കോർപറേഷനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി രംഗത്തെത്തിയിരുന്നു ഡിപിആറിന് കേന്ദ്രാനുമതിയില്ലാഞ്ഞിട്ടും കോടികൾ ചെലവഴിച്ച സർവ്വേ എന്തിനായിരുന്നു വെന്നായിരുന്നു കോടതി വിമർശനം.സർവ്വേയുടെ പേരിൽ ഉണ്ടാക്കിയ പ്രശ്നങ്ങൾക്ക് ആര് സമാധാനം പറയുമെന്നും സർക്കാറിനോട് കോടതി ആരാഞ്ഞു. എന്നാൽ പദ്ധതിയിൽ നിന്ന് പിൻമാറിയിട്ടില്ലെന്നും പ്രതിഷേധം നടത്തിയവർക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കില്ലെന്നും ആയിരുന്നു സർക്കാർ വ്യക്തമാക്കിയത്.