ആലപ്പുഴ : സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ എം ഡി എം എയുമായി യുവാക്കളെ പിടികൂടിയ സംഭവത്തിൽ രണ്ടുപേർ കൂടി ബെംഗളുരുവിൽ നിന്ന് പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര ഊരാളി വിളാകത്ത് അഭിജിത്ത് (മിഥുൻ – 24), അയാളുടെ കൂട്ടുകാരി ചേർത്തല പട്ടണക്കാട്, വെളിയിൽ വീട്ടിൽ മകൾ അപർണ (19) എന്നിവരെയാണ് ബാംഗ്ലൂരിൽ നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
ആലപ്പുഴ സൗത്ത് പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തിൽ നിന്ന് 140 ഗ്രാം എം ഡി എം എ പിടികൂടിയത്. അന്ന് പിടികൂടിയ രണ്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ ബാംഗ്ലൂരിൽ നിന്നാണ് എം ഡി എം എ ലഭിക്കുന്നതെന്നും അത് തരപ്പെടുത്തി തരുന്നത് അഭിജിത്ത് എന്ന തിരുവനന്തപുരം സ്വദേശിയാണെന്നും പറഞ്ഞിരുന്നു.
കേരളത്തിലെ പല ജില്ലകളിൽ നിന്നും ബെംഗളുരുവിൽ എത്തുന്നവർക്ക് വലിയ അളവിൽ എം ഡി എം എ വാങ്ങി കൊടുക്കുന്നത് അഭിജിതാണ്. ഇയാൾക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ല. മറ്റ് പലരുടെയും അക്കൗണ്ടിലേയ്ക്കാണ് പണം ഇട്ട് വാങ്ങുന്നത്. എം ഡി എം എ വാങ്ങുന്നതിന് നൽകുന്ന അക്കൗണ്ട് കേന്ദ്രകരിച്ച് നടത്തിയ അനേഷണത്തിലാണ് ഇരുവരെയും ബാംഗ്ലൂരിൽ നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
ഇവരുടെ സാമ്പത്തിക ഇടപാടുകളും ഫോൺ രേഖകളും വിശദമായി പരിശോധിക്കുന്നതിലൂടെ കുടുതൽ അറസ്റ്റ് ഉണ്ടാകനാണ് സാധ്യത. ആലപ്പുഴ ജില്ലയിൽ വൻ തോതിൽ മയക്ക് മരുന്നാണ് നേരത്തെ പിടിയിലായ പ്രതികൾ വിറ്റിരുന്നത്. ഇവർ മയക്ക് മരുന്ന് വിൽക്കുന്നവരെയും കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.