ന്യൂഡല്‍ഹി : മുന്നാക്ക സംവരണത്തിന്, നിലവിലെ നിബന്ധനകളായിരിക്കും ഈ വര്‍ഷം ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനും നിലവിലെ നിബന്ധനകള്‍ തന്നെയായിരിക്കും രാജ്യം മുഴുവനും ബാധകമെന്നും കേന്ദ്രം അറിയിച്ചു. നിബന്ധനകള്‍ മാറ്റുന്നത് അടുത്ത വര്‍ഷം പരിഗണിക്കും. മുന്നാക്ക സംവരണത്തിനുള്ള നിബന്ധനകള്‍ ഇപ്പോള്‍ മാറ്റിയാല്‍ പ്രവേശനം നേടുന്നതും നീറ്റ് പരീക്ഷ പാസായ വിദ്യാര്‍ഥികള്‍ക്ക് കോളജ് അനുവദിക്കുന്നതും സങ്കീര്‍ണമാകും. സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും മുന്നാക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാനപരിധി 8 ലക്ഷം രൂപയായി തുടരണമെന്ന ശുപാര്‍ശയുമായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അഖിലേന്ത്യാ ക്വോട്ട മെഡിക്കല്‍ പ്രവേശനത്തിനുള്ള 10% മുന്നാക്ക സംവരണം, 27% ഒബിസി സംവരണം എന്നിവ സംബന്ധിച്ച് സുപ്രീം കോടതിയിലുള്ള കേസിന്റെ പശ്ചാത്തലത്തിലാണു റിപ്പോര്‍ട്ട് നല്‍കിയത്.
മുന്നാക്ക സംവരണത്തിനുള്ള വരുമാനപരിധി 8 ലക്ഷമായി നിശ്ചയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു കോടതി ചോദിച്ചിരുന്നു. തുടര്‍ന്നാണ് വിഷയം പരിശോധിക്കാന്‍ മുന്‍ ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ അധ്യക്ഷനായ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. 2020ല്‍ മുന്നാക്ക സംവരണാനുകൂല്യം ലഭിച്ച 91% വിദ്യാര്‍ഥികളുടെയും കുടുംബ വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ താഴെയാണെന്നും സമിതി കണ്ടെത്തി. യുപിഎസ്‌സി, ജെഇഇ പരീക്ഷകളുടെ കാര്യത്തിലും സ്ഥിതി സമാനമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വരുമാന പരിധി മാറ്റേണ്ടെന്ന തീരുമാനത്തില്‍ സമിതി എത്തിയത്. ഇവരുടെ റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലവും സുപ്രീം കോടതിക്കു കൈമാറി. സുപ്രീം കോടതിയിലെ കേസ് കാരണം മെഡിക്കല്‍ പിജി പ്രവേശനം അനിശ്ചിതത്വത്തിലായിരുന്നു.