അബുദാബി: ഗതാഗത നിയമലംഘങ്ങള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന രാജ്യമാണ് യുഎഇ. റോഡുകളിലെ വേഗ പരിധി ലംഘിക്കുന്നതിനും തെറ്റായ പാര്‍ക്കിങിനും ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്നതിനുമൊക്കെ വലിയ പിഴ ഡ്രൈവര്‍മാരെ തേടിയെത്തും. ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് വാഹനം പിടിച്ചെടുക്കുകയും ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.
യുഎഇയിലെ റോഡുകളില്‍ പാലിക്കേണ്ട വേഗപരിധി ഓരോ റോഡിലും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉള്‍പ്രദേശങ്ങളിലെ റോഡുകളിലും ഹൈവേകളിലുമൊക്കെ ഈ പരമാവധി വേഗത കര്‍ശനമായി പാലിക്കണം. അതേസമയം അബുദാബി ഒഴികെയുള്ള എമിറേറ്റുകളില്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ വരെ ‘സ്‍പീഡ് ബഫര്‍’ അനുവദിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്തുകൊണ്ടാണ് റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള റഡാറുകളില്‍ വേഗപരിധി രേഖപ്പെടുത്തുന്നതും നിയമലംഘനങ്ങള്‍ക്ക് പിഴ ശിക്ഷ നല്‍കുന്നതും.
അതായത് ഒരു റോഡിലെ പരമാവധി വേഗത മണിക്കൂറില്‍ 100 കിലോമീറ്ററായി നിജപ്പെടുത്തിയിരിക്കുകയാണെങ്കില്‍ 20 കിലോമീറ്റര്‍ സ്‍പീഡ് ബഫര്‍ കൂടി കണക്കിലെടുത്ത് അവിടെ മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വരെ വേഗതയില്‍ വാഹനം ഓടിക്കാം. 121 കിലോമീറ്റര്‍ മുതലായിരിക്കും അവിടെ സ്ഥാപിച്ചിരിക്കുന്ന റഡാറുകളില്‍ വേഗ പരിധി ലംഘിച്ചതിനുള്ള നിയമ ലംഘനം രേഖപ്പെടുത്തുക.
അതേസമയം അബുദാബിയില്‍ സ്‍പീഡ് ബഫര്‍ രീതി ഇപ്പോള്‍ നിലവിലില്ല. നേരത്തെ മറ്റ് എമിറേറ്റുകളെപ്പോലെ നിശ്ചിത വേഗത ബഫര്‍ സ്‍പീഡായി അംഗീകരിച്ചിരുന്നെങ്കിലും 2018ല്‍ ഇത് എടുത്തുകളഞ്ഞു. അതുകൊണ്ടുതന്നെ റോഡുകളിലെ സൂചനാ ബോര്‍ഡുകളില്‍ ദൃശ്യമാവുന്ന അതേ വേഗപരിധി തന്നെ ഡ്രൈവര്‍മാര്‍ പാലിക്കണം. 100 കിലേമീറ്റര്‍ പരമാവധി വേഗത നിജപ്പെടുത്തിയിരിക്കുന്ന റോഡില്‍, വാഹനത്തിന്റെ വേഗത 101 കിലോമീറ്ററായാലും ഫൈന്‍ ലഭിക്കും.